കോവിഡ് പ്രതിരോധം ശക്തമാക്കാനായി രോഗപരിശോധന വര്‍ധിപ്പിക്കുമെന്നു സര്‍ക്കാര്‍ പതിവായി പറയുന്നുണ്ടെങ്കിലും അതു നടക്കുന്നില്ലെന്നു കണക്കുകള്‍. കഴിഞ്ഞ 5 ദിവസത്തിനിടെ കേരളത്തില്‍ നടത്തിയത് 2108 പരിശോധനകള്‍ മാത്രം. പ്രതിദിനശരാശരി 420. ആദ്യഘട്ടത്തില്‍ മുന്നിലായിരുന്ന കേരളം ഇപ്പോള്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു പിന്നിലായി.
കിറ്റുകള്‍ ഇല്ലാത്തതിനാല്‍ പരിശോധന വൈകുന്നുവെന്ന വാര്‍ത്തകള്‍ നേരത്തേ നിഷേധിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അക്കാര്യം അംഗീകരിച്ചു. ഇപ്പോള്‍ കിറ്റുകള്‍ ലഭ്യമാണെന്നും പരിശോധന വേഗത്തിലാക്കുമെന്നും അറിയിച്ചു. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ ദിവസേന അയ്യായിരത്തിനു മുകളില്‍ പരിശോധന നടക്കുമ്പോള്‍ കേരളത്തില്‍ അഞ്ഞൂറില്‍ താഴെ മാത്രമാണ് ടെസ്റ്റിങ് നടക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ 14, സ്വകാര്യമേഖലയില്‍ 2 ഉള്‍പ്പെടെ 16 ലാബോറട്ടറികളിലായി കേരളത്തില്‍ പ്രതിദിനം 4000 പരിശോധനകള്‍ വരെ നടത്താന്‍ സൗകര്യമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പരിശോധന കൂടാത്തതെന്ന് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ദശലക്ഷത്തില്‍ എത്ര പേര്‍ക്കു പരിശോധന നടത്തി എന്ന കണക്കു നോക്കിയാലും ഡല്‍ഹി (1567), തമിഴ്‌നാട് (857), രാജസ്ഥാന്‍ (848), മഹാരാഷ്ട്ര (714), ഗുജറാത്ത് (652) എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നിലാണു കേരളം (593).