in ,

കോവിഡ് 19 കൂടുതല്‍ ബാധിക്കുക പുരുഷന്‍മാരെയെന്ന് പഠനം

Share this story

ഗുരുതരമായ കോവിഡ് 19 സ്ത്രീകളെക്കാള്‍ കൂടുതല്‍ ബാധിക്കുക പുരുഷന്‍മാരെയെന്ന് പഠനം. സ്ത്രീപുരുഷന്‍മാരെ കോവിഡ് ബാധിക്കുമെങ്കിലും രോഗം ഗുരുതരമാകാനും മരണം സംഭവിക്കാനും രണ്ടര ഇരട്ടി അധികം സാധ്യത പുരുഷന്‍മാര്‍ക്കെന്നാണ് ചൈനയില്‍ നിന്നുള്ള പഠനം വ്യക്തമാക്കുന്നത്.
രോഗത്തിന്റെ ഗുരുതരാവസ്ഥയ്ക്ക് ലൈംഗികഹോര്‍മോണുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടാകാമെന്ന് ന്യുയോര്‍ക്കിലെയും കലിഫോര്‍ണിയയിലെയും ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തുമ്പോഴാണ് ഈ പഠനവും വരുന്നത്.
കഴിഞ്ഞയാഴ്ച ലോങ് ഹെലന്‍ഡിലെ ഡോക്ടര്‍മാര്‍, കോവിഡ് 19 രോഗികളിലെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ ഈസ്ട്രജന്‍ ഉപയോഗിച്ച് ചികിത്സ നടത്തിയിരുന്നതായി ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തയാഴ്ച ലൊസാഞ്ചലസിലെ ഫിസിഷ്യന്‍മാര്‍ പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ ഉപയോഗിച്ച് പുരുഷ രോഗികളെ ശുശ്രൂഷിക്കാനും തുടങ്ങി. സ്ത്രീകളില്‍ അധികമായി കണ്ടുവരുന്ന ഹോര്‍മോണ്‍ ആണ് പ്രൊജസ്‌ട്രോണ്‍. ഇതിന് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. അതിതീവ്ര വിഭാഗത്തിലുള്ള പുരുഷന്‍മാരുടെയും സ്ത്രീകളുടെയും എണ്ണത്തിലും വ്യത്യാസമുണ്ട്.
പുരുഷന്‍മാരുടെ സ്ഥിതിയാണ് വഷളാകുന്നതെന്ന് ലൊസാഞ്ചലസിലെ സെഡാഴ്‌സ് സിനായിയിലെ പള്‍മണോളജിസ്റ്റായ ഡോ. സാറാ ഘണ്ടേഹാരി പറയുന്നു.രോഗപ്രതിരോധ സംവിധാനത്തിലെ ലിംഗവ്യത്യാസം പഠിക്കുന്ന വിദഗ്ദര്‍ പറയുന്നത് ഹോര്‍മോണുകള്‍ അല്ല ഉത്തരമെന്നാണ്.
വളരെയധികം പ്രായം കൂടിയ സ്ത്രീകള്‍ പോലും അതേ പ്രായത്തിലുള്ള പുരുഷന്‍മാരെ അപേക്ഷിച്ച് കോവിഡ് 19നെ അതിജീവിക്കുന്നുണ്ട്. ആര്‍ത്തവവിരാമത്തിനു ശേഷം ഹോര്‍മോണുകളുടെ അളവ് സ്ത്രീകളില്‍ വളരെയധികം കുറവായിരുന്നിട്ടുകൂടി ഇതാണ് ഫലം.കൊറോണ വൈറസ് മഹാമാരിയുടെ തുടക്കത്തില്‍തന്നെ സ്ത്രീപുരുഷവ്യത്യാസം പ്രകടമായിരുന്നുവെന്ന് ഫ്രണ്ടിയേഴ്‌സ് ഇന്‍ പബ്ലിക് ഹെല്‍ത്ത് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ചൈനയില്‍ നിന്നുള്ള പഠനം പറയുന്നു. കോവിഡ് 19 മൂലം മരണമടയുന്ന പുരുഷന്‍മാരുടെ എണ്ണം സ്ത്രീകളെക്കാള്‍ അധികമാണെന്ന് ജനുവരി ആദ്യംതന്നെ ശ്രദ്ധിച്ചിരുന്നുവെന്ന് ഹെയ്ജിങ് ടോണ്‍ഗ്രെന്‍ ഹോസ്പിറ്റലിലെ ഡോക്ടറും ഗവേഷകനുമായ ഡോ. ജിന്‍ ക്യു യാങ് പറഞ്ഞു. സ്ത്രീകളെക്കാളധികം, കോവിഡ് 19 മൂലം മരണമടയാന്‍ സാധ്യത പുരുഷന്‍മാരാണോ എന്ന ചോദ്യം ഇതോടെ ഉയര്‍ന്നു. കോവിഡ് 19 രോഗികള്‍ക്കിടയിലെ ലിംഗവ്യത്യാസം ആരും കണക്കാക്കിയില്ലെന്നു കണ്ടതിനാല്‍ അതേക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയെന്ന് യാങ് പറയുന്നു.യാങ്ങിന്റെ സംഘം ചികിത്സിച്ച 43 രോഗികളും ഇതുകൂടാതെ 1000 കോവിഡ് 19 രോഗികളുടെയും വിവരങ്ങള്‍ പഠനത്തിനുപയോഗിച്ചു. 2003ല്‍ സാര്‍സ് രോഗം ബാധിച്ച 524 പേരുടെ വിവരങ്ങളും പരിശോധിച്ചു.
കോവിഡ് 19 രോഗം ബാധിച്ച് മരിച്ചവരില്‍ 70 ശതമാനത്തിലധികവും പുരുഷന്‍മാരാണെന്നു കണ്ടു. അതായത് സ്ത്രീകളെക്കാള്‍ പുരുഷന്‍മാരുടെ മരണനിരക്ക് രണ്ടര ഇരട്ടിയാണ്.പ്രായഭേദമന്യേ, പുരുഷനാണെങ്കില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത ഏറെയാണ്.സ്ത്രീകളെ അപേക്ഷിച്ച് സാര്‍സ് രോഗം മൂലം മരിച്ചതും കൂടുതല്‍ പുരുഷന്‍മാരായിരുന്നു.

ശശി തരൂരിന് അഭിനന്ദന പ്രവാഹം, ശശി തരൂര്‍ എം.പി തെര്‍മല്‍ ക്യാമറ എത്തിച്ചത് ഇങ്ങനെ

ക്ഷമയുണ്ടെങ്കില്‍ എത് യുദ്ധവും ജയിക്കാം, കോവിഡ് ബോധവത്ക്കരണ സന്ദേശവുമായി മമ്മൂട്ടി