മാംസംഭക്ഷിക്കുന്ന ബാക്ടീരിയ അഥവാ ‘ഫ്ളഷ് ഈറ്റിംഗ്’ ബാക്ടീരിയകളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ? മനുഷ്യശരീരത്തില്‍ ഏതെങ്കിലും വിധത്തില്‍ കയറിപ്പറ്റിയ ശേഷം മാംസം ഭക്ഷിച്ച്, പെരുകുന്നതാണ് ഇവയുടെ രീതി. രോഗിയുടെ ജീവന് തന്നെ നഷ്ടപ്പെടുന്ന നിലയിലേക്ക് വരെ ഇവയുടെ ആക്രമണം എത്താം.
ഇത്തരത്തിലൊരു വാര്‍ത്തയാണിപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. നെതര്‍ലന്‍ഡ്സിലാണ് സംഭവം. അമ്പത്തിയേഴുകാരിയായ ഒരു സ്ത്രീയുടെ ശരീരത്തില്‍ ഇതുപോലെ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ കയറിക്കൂടി. ഇതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒരുപക്ഷേ ആഴത്തില്‍ വേരിറങ്ങിയ രോമത്തിന്റെ രോമകൂപത്തിലൂടെയോ മറ്റോ ആകാമെന്ന് കരുതപ്പെടുന്നു.
എന്തായാലും ബാക്ടീരിയല്‍ ആക്രമണം തുടങ്ങിയിട്ടും ഇവര്‍ കാര്യമറിഞ്ഞില്ല. പനിയും നടക്കാനുള്ള പ്രയാസവും ശരീരവേദനയും ജലദോഷവുമെല്ലാമായിരുന്നു ഇവരില്‍ കണ്ടിരുന്ന ലക്ഷണം. ഒടുവില്‍ കുഴഞ്ഞുവീണതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെത്തിയ ശേഷം ഡോക്ടര്‍മാരാണ് സ്ത്രീയുടെ പൃഷ്ടഭാഗത്തായി കറുത്ത നിറത്തില്‍ ഒരു മുഴ പോലുള്ള രൂപം ശ്രദ്ധിച്ചത്. ഇതോടെ ഇത് മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ ആക്രമണം ആകാമെന്ന സംശയം ഡോക്ടര്‍മാരില്‍ വന്നു. സ്ത്രീയുടെ അവസ്ഥ വളരെ മോശമായതോടെ പ്രതീക്ഷയ്ക്ക് വകയില്ലെന്ന വിവരം ഇവര്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറിയിച്ചു.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ സര്‍ജറിയിലേക്ക് കടന്നു. മൂന്ന് സര്‍ജറിയാണ് ഇങ്ങനെ ഇവര്‍ക്ക് നടത്തിയത്. പൃഷ്ടഭാഗത്ത് 20 സെന്റിമീറ്റര്‍ ആഴത്തില്‍ ആയിരുന്നുവത്രേ മുറിവ്. ഇത്രയും ഭാഗത്തെ മാംസം ബാക്ടീരിയകള്‍ ഭക്ഷിച്ചാണ് മുറിവുണ്ടായിരിക്കുന്നത്. 9 ദിവസത്തോളം ഇവര്‍ കോമയിലായിരുന്നു. ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഏറെ നാള് മാനസികവും ശാരീരികവുമായി ‘അബ്നോര്‍മല്‍’ ആയി തുടര്‍ന്നു.
ശേഷം ഒരുപാട് മാസങ്ങളെടുത്ത് ഓരോ പ്രതിസന്ധികളെയും അതിജീവിച്ച് ഇപ്പോഴിവര് സാധാരണജീവിതം നയിക്കുകയാണ്. അപൂര്‍വമായ കേസ് ആയതിനാല്‍ ഇവരുടെ അസുഖത്തിന്റെ വിശദാംശങ്ങള്‍ പഠനവിധേയമാക്കുന്നതിന്റെ ഭാഗമായി പങ്കുവയ്ക്കപ്പെട്ടതോടെയാണ് സംഭവം വാര്‍ത്തകളിലും നിറഞ്ഞിരിക്കുന്നത്.