in ,

പൊതുജനാരോഗ്യം സാര്‍വ്വത്രികമാക്കല്‍; ആര്‍ദ്രം മിഷന്റെ പരിശ്രമങ്ങള്‍ രാജ്യാന്തര വെബിനാറില്‍ ചര്‍ച്ചയ്ക്ക്

Share this story

വെബിനാര്‍ സീരീസ് 17 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ജനങ്ങള്‍ക്ക് താങ്ങാവുന്ന തരത്തില്‍ ഗുണമേന്‍മയുള്ള ആരോഗ്യ സംരക്ഷണം കൃത്യസമയത്ത് ഉറപ്പുവരുത്തുന്നതിനും കൊവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിക്കുന്നതിനുമുള്ള ആര്‍ദ്രം മിഷന്റെ പരിശ്രമങ്ങള്‍ യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന രാജ്യാന്തര വെബിനാര്‍ സീരിസില്‍ മുഖ്യവിഷയമാകും. ‘ആരോഗ്യ കേരളം : സുസ്ഥിര വികസന ലക്ഷ്യങ്ങളെ യാഥാര്‍ത്ഥ്യമാക്കല്‍’ എന്ന പ്രമേയത്തിലൂന്നി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് ഫെബ്രുവരി 17,18,24,25, മാര്‍ച്ച് 5 തീയതികളില്‍ രാജ്യാന്തര വെബിനാര്‍ സംഘടിപ്പിക്കുന്നത്.

വെബിനാറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കേരളത്തിന് പ്രസക്തമായ പ്രത്യേക വിഷയങ്ങളാണ് ഓരോ സെഷനിലും കൈകാര്യം ചെയ്യുന്നത്. മനുഷ്യ വികസന സൂചികയില്‍ കേരളത്തിന്റെ സ്ഥാനം 0.84 ആണ്. നവജാത ശിശുമരണ നിരക്ക് ആയിരത്തില്‍ ഏഴ് എന്ന നിരക്കിലും ആയൂര്‍ദൈര്‍ഘ്യം 75.2 ശതമാനവുമാണ്. അതേസമയം ദേശീയ ശരാശരി 68.8 ശതമാനം മാത്രമാണ്. ഇപ്രകാരം ജീവിത നിലവാര സൂചികയില്‍ കരുത്തുറ്റ നേട്ടം കേരളം കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഉയര്‍ന്ന ജനസാന്ദ്രതയാലും പകര്‍ച്ചേതര രോഗങ്ങളാലും മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളം വെല്ലുവിളികള്‍ നേരിടുകയാണ്.

ആര്‍ദ്രം മിഷന്‍ രോഗീപരിചരണത്തില്‍ ജനകീയപങ്കാളിത്തം ഉറപ്പുവരുത്തി സമൂലമാറ്റം കൊണ്ടുവന്നതായി ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ പറഞ്ഞു. എന്നിരുന്നാലും പ്രതിരോധിക്കാനും വ്യാപകമാക്കാനും ഭേദമാക്കാനും പുനരധിവസിപ്പിക്കാനും പാലിയേറ്റീവ് സേവനം നല്‍കാനുമായി 2017ല്‍ ആരംഭിച്ച ജനസൗഹൃദ ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി വിലയിരുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആഗോളതലത്തില്‍ കൊവിഡ് പ്രതിസന്ധികള്‍ അതിജീവിക്കുന്നതിന്റെ പാഠങ്ങളും അനുഭവങ്ങളും ശേഖരിച്ച് നമ്മുടെ ആരോഗ്യ പദ്ധതിയില്‍ ആവശ്യമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. പൊതുജനാരോഗ്യമേഖയില്‍ കൂടുതല്‍ നിക്ഷേപത്തിന്റെ ആവശ്യകതയാണ് മഹാമാരി നല്‍കുന്ന പാഠം. രോഗം മുന്‍കൂട്ടി നിര്‍ണയിക്കുന്നതിനും ഉണ്ടാകാനിടയുള്ള അണുബാധയെക്കുറിച്ച് ഉടനടി പ്രതികരിക്കുന്നതിനും സംവിധാനം വേണം. തെളിവുകളുടെ അടിസ്ഥാനത്തില്‍ നയരൂപീകരണവും ആവശ്യമാണ്. പകര്‍ച്ചവ്യാധികളും മഹാമാരിയും ഭാവിയിലും പൊതുജനാരോഗ്യ രംഗത്ത് വെല്ലുവിളിയാകും. ഇത്തരം പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അവര്‍ വ്യക്തമാക്കി.

എല്ലാ പ്രായക്കാര്‍ക്കുമുള്ള ക്ഷേമവും ആരോഗ്യകരമായ ജീവിതവും ഉറപ്പുവരുത്തുകയെന്ന മൂന്നാം സുസ്ഥിര വികസന ലക്ഷ്യമാണ് ആര്‍ദ്രം മിഷനും മുന്നോട്ടുവയ്ക്കുന്നത്. 2030 നുള്ളില്‍ കൈവരിക്കുന്നതിനായി യുഎന്‍ ജനറല്‍ അസംബ്ലി 2015 ല്‍ രൂപീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നാണിത്.

സാര്‍വത്രിക പ്രാഥമിക ആരോഗ്യസംരക്ഷണ പരിപാടിയെ ശക്തിപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത് ആര്‍ദ്രം മിഷനാണെന്ന് സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ & ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ രാജന്‍ ഖൊബ്രഗഡേ പറഞ്ഞു. ദീര്‍ഘവീക്ഷണത്തിലൂടെ പൊതുജനാരോഗ്യ സംവിധാനത്തെ ജനകീയവല്‍ക്കരിക്കുന്നതില്‍ മിഷന്‍ നിര്‍ണായക പങ്ക് വഹിച്ചു. പകര്‍ച്ചേതര രോഗങ്ങളെ കേന്ദ്രീകരിച്ച് വരാനിരിക്കുന്ന വെല്ലുവിളികളുമായി മാതൃ, ശിശു ആരോഗ്യം പോലുള്ള പരമ്പരാഗത മുന്‍ഗണനകളെ സന്തുലിതമാക്കുകയാണ് ലക്ഷ്യം. ഗുണനിലവാരവും കരുത്തുമുള്ള ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്ന സാര്‍വത്രിക ആരോഗ്യ സംരക്ഷണ സംവിധാനത്തിലേക്ക് വളരുകയും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ചാലകശക്തിയുമായി ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുകയെന്നത് ആര്‍ദ്രം മിഷന്റെ സുപ്രധാന ദൗത്യമാണ്. പ്രാഥമിക ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ ഗുരുതരമായ രോഗങ്ങളും മരണനിരക്കും പരിഹരിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രാഥമിക പഠനം നടത്തിയതിലൂടെ 2012ല്‍ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് എന്ന ആശയത്തിന് തുടക്കമിട്ട ആദ്യ സംസ്ഥാനമാണ് കേരളം.

ആരോഗ്യത്തിന് ബീറ്റ്‌റൂട്ട് കേക്ക്

ബ്രിട്ടനില്‍ കോവിഡിന് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു