വ്യാജമദ്യ ദുരന്തത്തിന്റെ ഭാഗമായി മീഥൈല്‍ ആല്‍ക്കഹോള്‍ വിഷബാധയേറ്റവരുടെ ചികിത്സയ്ക്ക് ഈതൈല്‍ ആള്‍ക്കഹോള്‍ ഉപയോഗിക്കാമെന്നുണ്ട്. പക്ഷേ, ‘മദ്യാസക്തി’യുടെ ചികിത്സയ്ക്ക് മദ്യം കൊടുക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതിയല്ല. മദ്യാസക്തിയുടെ ചികിത്സയ്ക്ക് മദ്യം പ്രിസ്‌ക്രൈബ് ചെയ്യാന്‍ ഒരു മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍ക്കും അധികാരമില്ല.
എന്താണ് മദ്യാസക്തിയുടെ ചികിത്സ?
മദ്യാസക്തി ഉള്ള രോഗിയുടെ പുനരധിവാസവും മോട്ടിവേഷനും മരുന്നുകള്‍ കൊടുത്തുള്ള ചികിത്സയും കൗണ്‍സിലിങ്ങും ഒക്കെയാണ്. മദ്യമല്ല.
മദ്യാസക്തി ഒരു രോഗമാണ്. അതിന്റെ ലക്ഷണങ്ങള്‍ പലരീതിയില്‍ പ്രകടമാകാം. കൈ വിറയല്‍, അസ്വസ്ഥത, വിശപ്പില്ലായ്മ, വിഭ്രാന്തി, മനംപിരട്ടല്‍, ഛര്‍ദ്ദി, ഉല്‍കണ്ഠ, വിയര്‍പ്പ്, സങ്കോചം, ശക്തമായ തലവേദന, പരസ്പര ബോധമില്ലാതെ സംസാരം, അപസ്മാരം, ഉറക്കമില്ലായ്മ ഒക്കെ അതിന്റെ ലക്ഷണമാണ്. ആത്മഹത്യാ പ്രവണതയും കൂടുതലാണ്. രണ്ടു പേര്‍ ഇന്നലെ ആത്മഹത്യ ചെയ്തു. മരിക്കുന്നവരുടെ വിവരങ്ങള്‍ പത്രമാധ്യമങ്ങളില്‍ വരും. പക്ഷെ ആത്മഹത്യാശ്രമങ്ങള്‍ വരില്ല. മറ്റുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുടെ വിവരങ്ങളും. ഇന്നലെ തിരുവനന്തപുരത്ത് എന്റെ അറിവില്‍ ഒരാള്‍ ആത്മഹത്യ ശ്രമം നടത്തി വന്നിരുന്നു. ഭാഗ്യത്തിനയാള്‍ രക്ഷപ്പെട്ടു. ഇത്തരം നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ട്, കേരളത്തിലെ വിവിധ ഭാഗങ്ങളില്‍. ധാരാളം ഹോസ്പിറ്റലുകളില്‍ ഒരുപാട് രോഗികള്‍ കഴിഞ്ഞ രണ്ടുദിവസമായി അഡ്മിറ്റ് ആകുന്നുണ്ട്, ആള്‍ക്കഹോള്‍ വിത്‌ഡ്രോവല്‍ സിംഡ്രോമായിട്ട്. അങ്ങനെ വരുമ്പോള്‍ 20 ല്‍ ഒരാള്‍ക്ക് അത് ഗുരുതരമായ ഡെലീറിയം ട്രെമന്‍സ് ആയി മാറാം. മരണം വരെ സംഭവിക്കാം.
നിലവില്‍ നമുക്ക് ചെയ്യാവുന്ന ഒരു കാര്യം മദ്യാസക്തി ഉള്ള ആള്‍ക്കാരെ കണ്ടെത്തുകയും എത്രയും വേഗം ചികിത്സിപ്പിക്കുകയുമാണ്. അങ്ങനെയുള്ളവര്‍ ഏതെങ്കിലും വീടുകളിലുണ്ടെങ്കില്‍ ആരോഗ്യ /എക്‌സൈസ് പ്രവര്‍ത്തകരെ അറിയിക്കാന്‍ വീട്ടുകാരോട് പറയാം. എന്നിട്ട് രോഗിയെ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഡീ അഡിക്ഷന്‍ സെന്ററില്‍ ആക്കുകയുമാണ് വേണ്ടത്. വീട്ടുകാര്‍ക്കല്ലെങ്കില്‍ നാട്ടുകാരില്‍ നിന്നോ ബിവറേജസ് ഷോപ്പുകളിലെയോ ബാറുകളിലെയോ തൊഴിലാളികളില്‍ നിന്നോ വിവരം ശേഖരിക്കാം.
മദ്യാസക്തി നിസാര പ്രശ്‌നമല്ല. ചികിത്സിക്കാനോ ചികിത്സിപ്പിക്കാനോ മടി കാണിച്ചാല്‍ നമുക്ക് ആ ആളിനെ തന്നെ നഷ്ടപ്പെട്ടേക്കും.
in FEATURES, HEALTH, ORAL HEALTH