കൊറോണ രോഗബാധ(കോവിഡ് 19) നേരിടാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനിടെ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ജയ്പൂരില്‍ എത്തിയ ഒരു ഇറ്റാലിയന്‍ പൗരനിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിനോദസഞ്ചാരിയായി രാജ്യത്തേക്ക് എത്തിയ 69 വയസുകാരനായ ഇയാള്‍ ഏതാനും ദിവസമായി ജയ്പ്പൂരില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്കുമേല്‍ നടത്തിയ മൂന്നാമത്തെ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം നിലവില്‍ മൂന്നായി ഉയര്‍ന്നിരിക്കുകയാണ്.
കൊറോണ ബാധ തടയാനായി കരുതല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കാനായി സേന വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് ഒരാള്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം രണ്ടുപേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലും തെലങ്കാനയിലുമുള്ള രണ്ടുപേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.രോഗബാധകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിനെ നേരിടാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് രാജ്യത്തിന്റെ മൂന്ന് സേനാ വിഭാഗങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തില്‍ 2500 പേരെയെങ്കിലും കരുതലായി പാര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കാനാണ് കേന്ദ്രം സേനാ വിഭാഗങ്ങങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ഇന്ത്യന്‍ നാവിക സേന ഇറ്റലിയില്‍ നടത്താനിരുന്ന ഒരു സൈനിക അഭ്യാസം റദ്ദാക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.