രോഗങ്ങളെ നിലയ്ക്കു നിര്‍ത്തുന്ന മേയോ ക്ലിനികിനെക്കുറിച്ചറിയാന്‍…
യുഎസിലെ പ്രശസ്തമായ ‘മേയോ ക്ലിനിക്’ കേരളത്തില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയും, സ്പീക്കറായിരുന്ന ജി.കാര്‍ത്തികേയനും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മേയോ ക്ലിനിക്കിലെത്തുകയാണ്. ചികിത്സാ രംഗത്ത് ലോകത്തെ മികച്ച സ്ഥാപനമായ മേയോയെക്കുറിച്ച്…
തടാകങ്ങളുടെ താഴ്വരയാണ് യുഎസിലെ മിനസോട്ട എന്ന സംസ്ഥാനം. തെക്കന്‍ മിനസോട്ടയിലെ റോച്ചസ്റ്റര്‍ എന്ന നഗരത്തിലാണ് മേയോ ക്ലിനിക്. ലോകത്തെ വിവിധ ആശുപത്രികളില്‍ നിന്നു റഫര്‍ ചെയ്യുന്ന 13 ലക്ഷം രോഗികളാണ് പ്രതിവര്‍ഷം ഇവിടെ ചികിത്സ തേടുന്നത്. നഗര ഹൃദയത്തിലാണ് 21 നിലകളുള്ള ആശുപത്രി സമുച്ചയം. മെഡിക്കല്‍ സ്‌കൂള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ലബോറട്ടറികള്‍ എന്നിവ തൊട്ടടുത്ത്.
സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ചികിത്സ
ഏതു വിഭാഗത്തിലും, ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാമെന്നതാണ് പ്രത്യേകത. ഉന്നത വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രം കൂടിയായ ഇവിടെ മൂവായിരത്തോളം ശാസ്ത്രജ്ഞര്‍ പൂര്‍ണസമയ ഗവേഷണത്തിലാണ്. 4500 ഡോക്ടര്‍മാരും ഇതര വിഭാഗങ്ങളിലായി 58,400 പേരും ജോലി ചെയ്യുന്നു. മലയാളി ഡോക്ടര്‍മാരും ഇവിടെയുണ്ട്. ചികിത്സ ചെലവേറിയതാണ്. 1919 മുതല്‍ പ്രവര്‍ത്തിക്കുന്നു .ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ക്ക് അവശ്യം വേണ്ട ഒരു ഉപകരണമായ’ഹാര്‍ട്ട് ലങ് മെഷീന്റെ’ പോരായ്മകള്‍ പരിഹരിച്ച് ആദ്യമായി വിജയകരമായി പരീക്ഷിച്ചത് മേയോ ക്ലിനിക്കിലായിരുന്നു. വിദൂര രാജ്യങ്ങളില്‍ നിന്നു ചികിത്സ തേടിയെത്തുന്നവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനു ക്ലിനിക്കില്‍ പ്രത്യേക സംഘം ഉണ്ട്.
മേയോ ക്ലിനിക് ആപ്
രോഗിയുടെ സന്ദര്‍ശനം സുഗമമാക്കാന്‍ മേയോ ക്ലിനിക് ആപ്പും ഉണ്ട്. ക്ലിനിക്കിനു ചുറ്റുമുള്ള അനുബന്ധ കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്നതിന് ഭൂഗര്‍ഭ ടണലും സ്‌കൈ വേകളും നിര്‍മിച്ചിട്ടുണ്ട്. തണുപ്പുകാലത്ത് താപനില മൈനസ് ഡിഗ്രിയിലേക്കു വരെ താഴും. ഈ സമയത്ത് രോഗികള്‍ ഭൂഗര്‍ഭ ടണലിലൂടെയാണ് അനുബന്ധ മന്ദിരങ്ങളില്‍ എത്തുക.
പിറവി ചുഴലിക്കൊടുങ്കാറ്റില്‍
വീശിയടിച്ച ചുഴലിക്കാറ്റില്‍ പൊലിഞ്ഞ ജീവിതങ്ങളില്‍ നിന്നാണ് മേയോ ക്ലിനിക്കിന്റെ പിറവി. യുഎസിലെ റോച്ചസ്റ്ററില്‍ 1883ലുണ്ടായ ചുഴലിക്കാറ്റ് 37 പേരുടെ ജീവനെടുത്തു. 200ല്‍പ്പരം പേര്‍ക്ക് പരുക്കേറ്റു. അടിയന്തര ചികിത്സ നല്‍കാന്‍ ഇവിടെ സൗകര്യമില്ലായിരുന്നു. മുറിവേറ്റ സൈനികരെ പരിചരിക്കുന്നതിനായി ഇവിടെ നിയോഗിക്കപ്പെട്ട ഡോ. വില്യം വോറല്‍ മേയോയെ ഇത് ഏറെ വേദനിപ്പിച്ചു. 1889 ല്‍ സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റിലെ കന്യാസ്ത്രീകളുടെ സഹായത്തോടെ സെന്റ് മേരീസ് ഹോസ്പിറ്റല്‍ എന്ന പേരില്‍ ചികിത്സാ കേന്ദ്രം ആരംഭിച്ചു. ഇതാണ് മേയോ ക്ലിനിക് ആയത്.