in ,

റെംഡിസിവിര്‍ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് പഠനം; പ്രതീക്ഷയോടെ ലോകം അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിലാണ് കണ്ടെത്തല്‍

Share this story

അമേരിക്കന്‍ കമ്പനിയായ ഗിലെയാദ് സയന്‍സസിന്റെ ആന്റി വൈറല്‍ മരുന്ന് റെംഡിസിവിര്‍ കോവിഡ് രോഗികള്‍ക്ക് ഫലപ്രദമാണെന്ന് പഠനം. അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് ആശുപത്രികളില്‍ കഴിഞ്ഞ 1,063 കോവിഡ് ബാധിതര്‍ക്ക് ഈ മരുന്ന് നല്‍കിയത്. മരുന്ന് കഴിച്ച രോഗികള്‍ ഭേദമാകുന്നതിനുള്ള സമയത്തില്‍ 31 ശതമാനം കുറവുണ്ടായതായി എന്‍.ഐ.എച്ച് മേധാവി ഡോ. ആന്തണി ഫൗച്ചി പറഞ്ഞു. അതായത് സാധാരണ രോഗം ഭേദമാകാന്‍ 15 ദിവസമാണ് വേണ്ടിയിരുന്നതെങ്കില്‍ മരുന്ന് കഴിച്ചവര്‍ക്ക് 11 ദിവസം മതിയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

മരുന്നിന് വൈറസിനെ തടയാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, മരുന്ന് കഴിച്ചവരില്‍ മരണനിരക്ക് കുറവാണ്. പരീക്ഷണത്തിന്റെ പൂര്‍ണഫലം ഉടന്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെംഡിസിവിര്‍ കോവിഡ് രോഗബാധയുടെ പ്രാരംഭ ഘട്ടത്തില്‍ ഗുണം ചെയ്യുമെന്നാണ് ഗിലെയാദ് സയന്‍സസിന്റെയും അഭിപ്രായം.

നേരത്തെ, മരുന്നിനെക്കുറിച്ച് സമ്മിശ്ര പഠന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ റെംഡിസിവിറിന് വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞിരുന്നു. ചൈനയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ റെംഡിസിവിര്‍ ഫലപ്രദമല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. അതിനുപിന്നാലെ കോവിഡ് രോഗികളുടെ നില മെച്ചപ്പെടുത്തുന്നതില്‍ മരുന്ന് പരാജയമാണെന്ന ഒരു റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിലും വന്നു. എന്നാല്‍, റിപ്പോര്‍ട്ട് അബദ്ധത്തില്‍ വന്നതാണെന്ന് അറിയിച്ച സംഘടന സൈറ്റില്‍ നിന്ന് നീക്കിയിരുന്നു.

ഇര്‍ഫാന്‍ ഖാന്റെ ആ സിനിമ കണ്ടില്ലായിരുന്നെങ്കില്‍ എനിക്കൊരു തിരിച്ചുവരവ് ഉണ്ടാകുമായിരുന്നില്ല: ഫഹദ് ഫാസില്‍

ഇന്ന് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്, പതിനാലുപേര്‍ രോഗമുക്തരായി