ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകളും പുരുഷന്മാരും ശരിയായ രീതിയിലുള്ള വ്യായാമങ്ങളിലൂടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം പ്രായമാകുന്നത് അനുസരിച്ച് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷെ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഈ കാലത്ത് ഭൂരിപക്ഷം പേരും എപ്പോഴും ഇരുന്നുള്ള ജോലി ചെയ്യുന്നവരായിരിക്കാം. ഇരിക്കുന്ന സ്ഥലത്ത് നിന്ന് അനങ്ങാതെ എപ്പോഴും ഒരേ ഇരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുകൊണ്ട് ഇങ്ങനെ ഇരുന്നുള്ള ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇരിക്കുന്ന സ്ഥലത്ത് ഇരുന്ന് തന്നെ ചില ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ആരോഗ്യത്തെ ഒരു പരിധി വരെയൊക്കെ സംരക്ഷിക്കാന്‍ സാധിക്കും.
സ്‌പൈന്‍ സ്‌ട്രെച്ച്
നട്ടെല്ലിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. അത് കൃത്യമായി സംരക്ഷിച്ചില്ലെങ്കില്‍ ഒരുപക്ഷെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകാം. പ്രായമായാലും ഇരിക്കുന്ന രീതിയാണ് വളരെ പ്രധാനം. നട്ടെല്ല് സ്‌ട്രെച്ച് ചെയ്യുന്നത്, നട്ടെല്ലിന്റെ വേദന കുറയ്ക്കാന്‍ വളരെയധിം സഹായിക്കാറുണ്ട്. കാലുകള്‍ തറയില്‍ കുത്തി കസേരയില്‍ നേരെയിരിക്കുക. അതിന് ശേഷം കൈകള്‍ തലയ്ക്ക് മുകളിലൂടെ ഉയര്‍ത്തി നന്നായി സ്‌ട്രെച്ച് ചെയ്യുക. കുറച്ച് സെക്കന്‍ഡുകള്‍ അങ്ങനെ വച്ച ശേഷം പഴയ സ്ഥിതിയിലേക്ക് വരാം.
കാഫ് സ്‌ട്രെച്ച്
ദീര്‍ഘനേരം ഇരിക്കുന്നത് കാലുകള്‍ക്ക് മരവിപ്പ് ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് കാല്‍മുട്ടിന്റെയും കണങ്കാലിന്റെയും ഇടയിലുള്ള കാഫ് ഭാഗമായിരിക്കും കൂടുതലായും വേദന എടുക്കുന്നത്. ഇവയെ സട്രെച്ച് ചെയ്യിക്കുന്നത് ഒരു പരിധി വരെ നല്ലതാണ്. ഇതിനായി കാലുകള്‍ തറയില്‍ കുത്തി നില്‍ക്കുക അതിന് ശേഷം ഉപ്പൂറ്റി മാത്രം പതുക്ക് ഉയര്‍ത്താന്‍ ശ്രമിക്കുക. കാലിന്റെ മുന്‍ഭാഗം തറയില്‍ ഊന്നി തന്നെ നിര്‍ത്തണം. കുറച്ച് സെക്കന്‍ഡുകള്‍ ഇങ്ങനെ നിന്ന് ശേഷം വീണ്ടും പഴയ സ്ഥിതിയിലേക്ക് വരാം. രക്തയോട്ടം കൂട്ടി വേദന കുറയ്ക്കാന്‍ ഇത് ഏറെ സഹായിക്കും.
ഇരുന്ന് കൊണ്ട് കാലുകള്‍ ഉയര്‍ത്താം
ശരീരത്തിന്റെ താഴ്ഭാഗത്തെ ബലം കൂട്ടാന്‍ ഈ വ്യായാമം ഏറെ സഹായിക്കാറുണ്ട്. കസേരയില്‍ നേരെ ഇരുന്ന ശേഷം തറയോട് സമാന്തരമായി ഒരു കാല്‍ നീട്ടാന്‍ ശ്രമിക്കുക. അഞ്ച് സെക്കന്‍ഡ് അങ്ങനെ തുടര്‍ന്ന ശേഷം കാലുകള്‍ തിരിച്ച് കൊണ്ടുവരാം. അതുപോലെ മറ്റേ കാലും ചെയ്യുക. മുട്ടിന്റെ സന്ധികളുടെ വേദന മാറ്റാനും അതുപോലെ ദൃഢത നിലനിര്‍ത്താനും ഇത് സഹായിക്കാറുണ്ട്.
കഴുത്ത്
പൊതുവെ ഇരുന്ന് ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് കഴുത്തിലെ വേദന. ഇത് മാറ്റാന്‍ കഴുത്തിന് ആവശ്യമായിട്ടുള്ള വ്യായാമങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കണം. കഴുത്ത് വശങ്ങളിലേക്ക് തിരിക്കുന്നതിലൂടെയും കുനിച്ച് പിടിച്ചുമൊക്കെ കഴുത്തിനും വ്യായാമങ്ങള്‍ ചെയ്യാന്‍ സാധിക്കും. രണ്ട് വശങ്ങളിലേക്കും അതുപോലെ തറയിലേക്കും കുനിച്ചും തിരിച്ചും ദിവസവും കഴുത്തിനും അല്‍പ്പം വ്യായാമം നല്‍കാന്‍ ശ്രമിക്കുക. സമ്മര്‍ദ്ദം കുറയ്ക്കാനും അതുപോലെ മൊബിലിറ്റി കൂട്ടാനും ഇത് ഏറെ സഹായിക്കും.