അനീമിയ അല്ലെങ്കില്‍ വിളര്‍ച്ച ഇന്ന് പലരിലും കാണുന്ന അവസ്ഥയാണ്. രക്തക്കുറവല്ലെ എന്തെങ്കിലുമൊക്കെ മരുന്നോ ഫലങ്ങളോ ഒക്കെ കഴിച്ച് ശരിയാക്കാമെന്ന് കരുതി നിസാരമാക്കി തള്ളിക്കളയേണ്ടതല്ല ഈ അവസ്ഥ. ക്ഷീണം മാത്രമല്ല, ശാരീരികവും മാനസികവുമായി അവസ്ഥയെ ബാധിക്കുന്ന, പ്രതിരോധശേഷിയെ ദുര്‍ബലമാക്കുന്ന, അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഒരു ആരോഗ്യാവസ്ഥയാണ് ഇതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍
പേശികളുടെ ബലഹീനത ചിലപ്പോള്‍ രക്തക്കുറവിന്റെ ലക്ഷണമാകാം. അതുപോലെ മുടികൊഴിച്ചില്‍, നഖങ്ങള്‍ പൊട്ടുന്നത്, ചര്‍മ്മത്തിന്റെ നിറം മാറി വിളറിയ മഞ്ഞനിറമാകുന്നത്, നാവില്‍ പൊള്ളലേറ്റത് പോലുള്ള അവസ്ഥ, രുചിമുകുളങ്ങളിലുണ്ടാകുന്ന മാറ്റം എന്നിവയെല്ലാം അനീമിയയുടെ ലക്ഷണങ്ങളാകാം. സ്ത്രീകളില്‍ രക്തക്കുറവ്, ക്രമരഹിതമായ ആര്‍ത്തവചക്രത്തിനും കാരണമായേക്കാം.
രക്തത്തിലെ ഹീമോഗോബ്ലിന്റെ അളവ് കുറയുമ്പോഴാണ് വിളര്‍ച്ചയുണ്ടാകുന്നതെന്ന് ഡോ. ലിസ ബുല്‍സാര ടൈംസ് നൗവിനോട് പറഞ്ഞു. ഈ അവസ്ഥ ശരീരത്തിലെ അവയവങ്ങളിലേക്കും ടിഷ്യൂകളിലേക്കും ഓക്സിജന്‍ എത്തുന്നതിനെ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ ഹീമോഗ്ലോബിന്‍ അളവ് മെച്ചപ്പെടുത്തുന്നതിന് ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറയുന്നു.
വിളര്‍ച്ചയുണ്ടാകുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനം ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിന്‍ ബി12 പോലുള്ള പോഷകങ്ങള്‍ ആവശ്യത്തിന് ലഭിക്കാത്തതാകാമെന്ന് ഡോ. ബുള്‍സാര പറഞ്ഞു. എങ്കിലും രക്തനഷ്ടം മൂലവും വിവിധ ആരോഗ്യപ്രശ്നങ്ങള്‍ മൂലവും വിളര്‍ച്ച ഉണ്ടാകാമെന്നും അദ്ദേഹം പറയുന്നുണ്ട്. ‘ചികിത്സിച്ചില്ലെങ്കില്‍ വിളര്‍ച്ച ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുമായി സംസാരിക്കേണ്ടത് പ്രധാനമാണ്. ശരിയായ രോഗനിര്‍ണയം നടത്താനും അനുയോജ്യമായ ഒരു ചികിത്സനല്‍കാനും ഇതിലൂടെ സാധിക്കും’, ഡോ.ബുള്‍സാര പറഞ്ഞു.
രക്തക്കുറവ് പരിഹരിക്കാന്‍ ഭക്ഷണക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഇവര്‍ നിര്‍ദേശിക്കുന്നു. മാംസങ്ങള്‍, മുട്ട, ഇലക്കറികള്‍, ധാന്യങ്ങള്‍, പയര്‍, സീ ഫുഡ്, നട്സ്, ഡ്രൈഫ്രൂട്സ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. വിളര്‍ച്ചയ്ക്ക് പരിഹാരമായി സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടേണ്ടതും അത്യാവശ്യമാണ്.