ഭൂരിപക്ഷം പേരും പ്രമേഹരോഗികളാണ്. ചിലര്‍ക്ക് പാരമ്പര്യ ഘടകങ്ങള്‍ കൊണ്ടും മറ്റ് ചിലര്‍ക്ക് ജീവിത ശൈലികൊണ്ടും പ്രമേഹമുണ്ടാകാം. നേരത്തെ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ പ്രമേഹത്തെ നിയന്ത്രിക്കാവുന്നതേയുളളൂ. പ്രമേഹമുള്ളവരില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അത് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.
പ്രമേഹ ലക്ഷണങ്ങള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര ഉയര്‍ന്നതാണെന്നതിനെ ആശ്രയിച്ചിരിക്കും. ചില ആളുകള്‍ക്ക് പ്രത്യേകിച്ച് പ്രീ ഡയബറ്റിസ്, ഗര്‍ഭകാല പ്രമേഹം അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹം എന്നിവയുണ്ടെങ്കില്‍ ലക്ഷണങ്ങള്‍ ഉണ്ടാവണമെന്നില്ല. ടൈപ്പ് 1 പ്രമേഹത്തില്‍ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചെയ്യും. ടൈപ്പ് 1 പ്രമേഹം ഏത് പ്രായത്തിലും ആരംഭിക്കാം. പലപ്പോഴും കുട്ടിക്കാലത്തോ കൗമാരത്തിലോ ആരംഭിക്കുന്നവയാണ്. ടൈപ്പ് 2 പ്രമേഹം ഏത് പ്രായത്തിലും വികസിക്കാം. 40 വയസിന് മുകളിലുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹം കൂടുതലായി കണ്ടുവരുന്നത്.
പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

- സാധാരണയിലും കൂടുതല്‍ ദാഹം തോന്നുന്നു
- ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നു
- ശരീരഭാരം കുറയുന്നു
- മൂത്രത്തിലെ കീറ്റോണുകളുടെ സാന്നിദ്ധ്യം(ഇന്‍സുലിന്‍ ആവശ്യത്തിന് ലഭ്യമല്ലാത്തപ്പോള്‍ പേശികളുടെയും കൊഴുപ്പിന്റെയും തകര്‍ച്ചയുടെ ഒരു ഉപോത്പന്നമാണ് കീറ്റോണുകള്‍
- ക്ഷീണവും ബലഹീനതയും
- ദേഷ്യം തോന്നുക, മറ്റ് മാനസികാവസ്ഥ മാറ്റങ്ങള്‍
- കാഴ്ച മങ്ങുക
- വ്രണങ്ങള്‍ ഉണ്ടായാല്‍ ഉണങ്ങാന്‍ താമസം
- മോണ, ചര്‍മ്മം, യോനി അണുബാധകള്‍
- പ്രമേഹ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതുമായി ബന്ധപ്പെട്ട ഡോക്ടറെ സമീപിക്കേണ്ടതാണ്.
പ്രമേഹ പരിശോധനകള്‍
പ്രമേഹമുള്ളവര്‍ കൃത്യമായി പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കിടയ്ക്ക് രക്തത്തിലെ പഞ്ചസാര പരിശോധിക്കണം. ഭക്ഷണംകൊണ്ട് മാത്രം നിയന്ത്രിച്ച് നിര്‍ത്തുന്നവര്‍ മാസത്തില്‍ ഒന്നുരണ്ട് തവണ ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. മാസത്തില്‍ ഒരിക്കലെങ്കിലും രക്തസമ്മര്‍ദ്ദം ഉള്‍പ്പടെയുള്ളവ പരിശോധിക്കാനും സങ്കീര്‍ണതകള്‍ തിരിച്ചറിയാനുമുള്ള സമഗ്ര പരിശോധന വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ചെയ്യാന്‍ ശ്രമിക്കുക.