ഫ്രിഡ്ജിന് പകരക്കാരനാവാന്‍ മറ്റൊന്നിനും സാധിക്കില്ല. പച്ചക്കറികള്‍, പാല് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഫ്രഷായി ഇരിക്കണമെങ്കില്‍ അടുക്കളയില്‍ ഫ്രിഡ്ജ് ഉണ്ടാവണം. എന്നാല്‍ നിങ്ങള്‍ അറിയാതെ ആവര്‍ത്തിക്കുന്ന ചില തെറ്റുകളുണ്ട് ഇത് നിങ്ങളുടെ ഫ്രിഡ്ജിനെ എളുപ്പത്തില്‍ കേടാക്കുന്നു. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കാം. ഇത് നിങ്ങളുടെ ഫ്രിഡ്ജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
ഭക്ഷണങ്ങള്‍ അമിതമായി നിറക്കരുത്
ഫ്രിഡ്ജില്‍ അമിതമായി ഭക്ഷണങ്ങള്‍ നിറക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ ഫ്രിഡ്ജില്‍ ശരിയായ രീതിയില്‍ വായുസഞ്ചാരമുണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഫ്രിഡ്ജ് തണുക്കാന്‍ അധികമായി പ്രവര്‍ത്തിക്കേണ്ടി വരും. ഇത് ഫ്രിഡ്ജിന്റെ താപനിലയെ മാത്രമല്ല കംപ്രസ്സറും കേടുവരാന്‍ കാരണമാകുന്നു. ഇത് ഭക്ഷണത്തെ സുരക്ഷിതമാക്കുന്നതിന് പകരം ഫ്രിഡ്ജിന് തകരാറുകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
ഫ്രിഡ്ജിന്റെ കോയിലുകള്‍ ശ്രദ്ധിക്കാം
വൃത്തിയാക്കുമ്പോള്‍ പലപ്പോഴും ഫ്രിഡ്ജിന്റെ പല ഭാഗങ്ങളും ശ്രദ്ധിക്കാതെ പോകും. ഭക്ഷണങ്ങള്‍ തണുപ്പിക്കുന്നതിന് കോയിലുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ പൊടിപടലങ്ങള്‍ പറ്റിയിരുന്നാല്‍ ഫ്രിഡ്ജ് അമിതമായി പ്രവര്‍ത്തിക്കേണ്ടി വരും. ഫ്രിഡ്ജിന്റെ പിന്‍ഭാഗത്തോ അല്ലെങ്കില്‍ താഴ്ഭാഗത്തോ ആണ് കോയില്‍ ഉണ്ടാവുന്നത്. ബ്രഷ് മാത്രം ഉപയോഗിച്ച് കോയിലിലെ പൊടിപടലങ്ങളെ നീക്കം ചെയ്യാന്‍ സാധിക്കും.
ടെമ്പറേച്ചര്‍ ക്രമീകരിക്കുമ്പോഴുള്ള തെറ്റുകള്‍
ചിലര്‍ ഫ്രിഡ്ജിന്റെ ടെമ്പറേച്ചര്‍ അധികമായി കൂട്ടിവയ്ക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ അമിതമായി ഫ്രിഡ്ജ് പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. ഇത് ഫ്രിഡ്ജിന്റെ കംപ്രസ്സറിന് തകരാറുകള്‍ സംഭവിക്കാന്‍ കാരണമാകും. 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഫ്രിഡ്ജിന്റെ ടെമ്പറേച്ചര്‍ സെറ്റ് ചെയ്ത് വയ്‌ക്കേണ്ടത്.