ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. പല കാരണങ്ങള്‍ കൊണ്ടും ശ്വാസകോശ രോഗങ്ങളുണ്ടാകാം. എന്നാല്‍ ഒരു പരിധി വരെ നമ്മുക്ക് ഇതിനെ പ്രതിരോധിക്കാനാകും. ശ്വാസകോശം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ പുകവലി ഉപേക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്. ശ്വാസകോശാര്‍ബുദം (ക്യാന്‍സര്‍), സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്) എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രധാനകാരണമായി എത്തുന്നത് പുകവലിയാണ്.
മലിനമായ ചുറ്റുപാടുകള്‍ എപ്പോഴും ശ്വാസകോശത്തിന് വെല്ലുവിളിയാണ്. ചില കെമിക്കലുകള്‍ പതിവായി ശ്വസിക്കുന്നതും ശ്വാസകോശത്തിന് പ്രശ്നമാകാറുണ്ട്. ഇത് അധികവും തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ടാണ് കാണാറ്. ശ്വാസകോശാരോഗ്യത്തിനായി ഇതും ശ്രദ്ധിക്കുക.
പതിവായി വ്യായാമം ചെയ്യുന്നതിലൂടെ ശ്വാസകോശ രോഗങ്ങളെ ചെറുക്കാന്‍ സാധിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗങ്ങളെ പ്രതിരോധിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്.
ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കുന്നതും ശ്വാസകോശ രോഗങ്ങളെ അകറ്റും. പച്ചക്കറികളും പഴങ്ങളും നന്നായി കഴിക്കണം. ധാന്യങ്ങള്‍ , ലീന്‍ പ്രോട്ടീന്‍ എന്നിവയും ഡയറ്റിലുള്‍പ്പെടുത്താം. ഒമേഗ-3 ഫാറ്റി ആസിഡ്സ്, ആന്റി-ഓക്സിഡന്റ്സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശ്വാസകോശത്തിന് നല്ലതാണ്.
ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ശ്വാസകോശത്തിലേക്കുള്ള ഓക്സിജന്‍ വിതരണം കൃത്യമായി നിലനിര്‍ത്താനും ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ തടയാനും സഹായിക്കും.