”അച്ഛനും അമ്മയും എന്നെ വഞ്ചിച്ചു എന്നോട് ലൈംഗികാതിക്രമം നടത്തിയയാള്‍ വരുന്ന സദസ്സില്‍ സ്വാഭാവികമായി പെരുമാറി, പങ്കെടുത്തു” കടുത്തനിരാശയോടെ ഇരുപതുകാരിയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൈക്യാട്രിസ്റ്റായ ഡോ. ടോം വര്‍ഗീസിനോട് തന്റെ മാനസികാഘാതം പങ്കുവെച്ചതിങ്ങനെയാണ്. തീവ്രമായ വിഷാദരോഗലക്ഷണങ്ങളോടെയും ആത്മഹത്യാപ്രവണതയോടെയുമാണ് പെണ്‍കുട്ടി എത്തിയത്. തുറന്നുസംസാരിച്ചപ്പോഴാണ് ചെറുപ്പത്തില്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പറഞ്ഞത്. ഏറ്റവും അടുത്ത ബന്ധുതന്നെയായിരുന്നു വേട്ടക്കാരന്.
വിവരം മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ തുടക്കത്തില്‍ അവരും പെണ്‍കുട്ടിക്കനുകൂലമായി നില്ക്കുകയാണുണ്ടായത്. ഇനി അയാളുമായി ഒരു ബന്ധവുമുണ്ടാകില്ലെന്നും വീട്ടിലേക്ക് വിളിക്കില്ലെന്നുമൊക്കെ കുട്ടിക്ക് ഉറപ്പുകൊടുത്തു. വളരെ അടുത്തബന്ധുവായതിനാല്‍ നിയമപരമായി മുന്നോട്ടുപോയില്ല. പക്ഷേ, പിന്നീടങ്ങോട്ട് കുടുംബത്തിലെ ചടങ്ങുകളിലെല്ലാം ഈ കക്ഷിയെ കാണുന്ന സാഹചര്യമുണ്ടായി. കുടുംബസദസ്സുകളിലൊക്കെ മാതാപിതാക്കള്‍ വളരെ സ്വാഭാവികമായി പോകുന്നതും പെരുമാറുന്നതുമൊക്കെ കുട്ടിയെ അസ്വസ്ഥപ്പെടുത്തി. താന്‍ വഞ്ചിക്കപ്പെട്ടതുപോലെയാണ് അവള്‍ക്കുതോന്നിയത്.
മിക്കകേസുകളിലും എന്തുകൊണ്ട് അതിക്രമങ്ങള്‍ പുറത്തുവരുന്നില്ല എന്നതിന്റെ പ്രധാന ഉത്തരം മേല്‍പ്പറഞ്ഞ സംഭവത്തിലുണ്ട്. പ്രശ്നം പുറത്തറിഞ്ഞാലുള്ള ‘നാണക്കേടും’ നാളെയും കാണേണ്ടവരാണെന്ന അനാവശ്യ പൊതുബോധവുമൊക്കെയാണ് അതിക്രമങ്ങള്‍ പുറംലോകമറിയാതെ കുഴിച്ചുമൂടപ്പെടുന്നതിനുപിന്നില്‍. ഫലമോ, ഒരായുസ്സുമുഴുവന്‍ മാനസിക, ശാരീരിക പ്രത്യാഘാതങ്ങളുമായി ജീവിക്കേണ്ടിവരുന്നു.
ഒരു വ്യക്തി മുതിര്‍ന്നാലും കുട്ടിക്കാലത്തു നേരിട്ട ലൈംഗികാതിക്രമത്തിന്റെ അനന്തരഫലങ്ങള്‍ വിടാതെ പിന്തുടരുമെന്നാണ് ഫ്രോണ്ടിയേഴ്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. അമിത ഉത്കണ്ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍, സ്കിസോഫ്രീനിയ, ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, ഈറ്റിങ് ഡിസോര്‍ഡര്‍ എന്നിവയിലേക്കും ലഹരിയുപയോഗത്തിലേക്കും ആത്മഹത്യാപ്രവണതയിലേക്കും നയിക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്രമപ്രവണതയുള്ളവരാവാനും ലൈംഗികാതിക്രമംതന്നെ നടത്തുന്നവരാവാനുമുള്ള സാധ്യതയും കൂടുതലാണെന്ന് ഫ്രോണ്ടിയേഴ്സ് ലേഖനം പറയുന്നു.