നഖങ്ങളുടെ അഴക് വർധിപ്പിക്കുന്നതിനായി സ്ത്രീകൾ സാധാരണയായി ഉപയോഗിച്ച് വരുന്ന ഒന്നാണ് നെയിൽ പോളിഷ്. എന്നാൽ പതിവായി നെയിൽ പോളിഷ് ഉപയോഗിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. നെയിൽ പോളിഷിൽ ഫോർമാൽഡിഹൈഡ്, ഡൈബ്യുട്ടൈൽ ഫ്താലേറ്റ്, ടൊളുവിന്‍ തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. നഖങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും ചർമ്മത്തിൽ വീക്കം, ചുവപ്പ്, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഗുണനിലവാരം കുറഞ്ഞ നെയിൽ പോളിഷുകളുടെ ഉപയോഗം പാന്‍ക്രിയാറ്റിക് കാൻസറിനുള്ള സാധ്യത വരെ വർധിപ്പിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. നെയിൽ പോളിഷിന്റെ ഉപയോഗം നഖങ്ങളെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും എങ്ങനെ ബാധിക്കുമെന്ന് അറിയാം.
നഖങ്ങളുടെ ആരോഗ്യം മോശമാകും
പതിവായുള്ള നെയിൽ പോളിഷിന്റെ ഉപയോഗം നഖത്തിന് പലതരത്തിലുള്ള കേടുപാടുകൾ ഉണ്ടാക്കാൻ കാരണമാകും. നഖത്തിൽ ഈർപ്പം നിലനിൽക്കാൻ നെയിൽ പോളിഷ് ഇടയാക്കും. ഇത് അണുബാധയിലേക്ക് നയിക്കുകയും നഖത്തിന് നിറവ്യത്യാസം, നഖം പൊട്ടൽ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. മാത്രമല്ല നഖങ്ങളെ ദുർബലമാക്കുകയും ചെയ്യും.
ശ്വസന സംബന്ധമായ പ്രശ്നങ്ങൾ
രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള നെയിൽ പോളിഷ് വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളിൽ വച്ച് ഉപയോഗിക്കുന്നത് പല തരത്തിലുള്ള അസ്വസ്ത്ഥതകൾക്ക് കാരണമായേക്കും. ഇതിന്റെ രൂക്ഷ ഗന്ധം ശ്വസിയ്ക്കുന്നത് കണ്ണുകൾ, മൂക്ക്, ശ്വാസകോശം എന്നിവയെ പ്രകോപിപ്പിക്കും. കൂടാതെ ആസ്ത്മ, ശ്വാസകോശ സംബന്ധമായ തകരാറുകൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ആസ്ത്മ പ്രശ്നങ്ങളുള്ള ആളുകളിൽ സങ്കീർണതയ്ക്കും ഇത് വഴിവയ്ക്കും. ഈ ഗന്ധം കൂടുതൽ നേരം ശ്വസിക്കുന്നത് തലവേദന, തല ചുറ്റൽ, മനപുരട്ടൽ പോലുള്ള അവസ്ഥൾക്കുള്ള സാധ്യതയും വർധിപ്പിക്കും.
ചർമ്മ പ്രശ്നങ്ങൾ
നഖങ്ങളിൽ ആവർത്തിച്ച് നെയിൽ പോളിഷിടുന്നത് ചർമ്മത്തെ ദോഷകരമായി ബാധിക്കും. ചർമ്മത്തിൽ ചുവപ്പ്, ചൊറിച്ചിൽ, വീക്കം തുടങ്ങിയ അലർജി പോലുള്ള അവസ്ഥയ്ക്ക് കാരണമാകും.
ഹോർമോൺ തകരാറുകൾ
നെയിൽ പോളിഷിലെ ഫ്താലേറ്റുകൾ എന്ന രാസവസ്തുക്കൾ ഹോർമോൺ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. ഇത് തൈറോയ്ഡ് പ്രശ്നങ്ങളിലേക്ക് നയിക്കുകയും പ്രത്യുൽപാദനക്ഷമത, ഗർഭപിണ്ഡത്തിന്റെ വികാസം എന്നിവയെ മോശമായി ബാധിക്കുകയും ചെയ്യും.
വയറുവേദന
നെയിൽ പോളിഷിലെ രാസവസ്തുക്കൾ ഉള്ളിൽ പ്രവേശിച്ചാൽ അൾസർ, വയറുവേദന, വയറിൽ അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.