ശരീരത്തിലെ ഏറ്റവും സുപ്രധാനമായ അവയവങ്ങളില്‍ ഒന്നാണ് ലിവര്‍. വിഷാംശം നീക്കം ചെയ്യുക, പിത്തരസം ഉത്പാദനം, ഉപാപചയ പ്രവര്‍ത്തനം തുടങ്ങീ 500 ല്‍ അധികം അവശ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന അവയവമാണിത്. രോഗപ്രതിരോധ പ്രവര്‍ത്തനത്തിലും കരള്‍ പ്രധാന പങ്ക് വഹിക്കുന്നു. ചെറിയ തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ സ്വയം പുനരുജ്ജീവിക്കാനുള്ള കഴിവ് ഒരു പരിധിവരെ കരളിനുണ്ട്. എന്നാല്‍ ലിവര്‍ സിറോസിസ് പോലുള്ള അവസ്ഥകള്‍ കരളിന്റെ പ്രവര്‍ത്തനത്തെ പൂര്‍ണ പരാജയത്തിലേക്ക് നയിക്കും.
മോശം ഭക്ഷണ ക്രമം, മദ്യപാനം തുടങ്ങിയവയെല്ലാം വിട്ടുമാറാത്ത കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളാണ്. അത്തരത്തില്‍ കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് ചൂണ്ടികാട്ടുകയാണ് ഫങ്ഷണല്‍ മെഡിസിന് ഡോക്ടറായ ഡോ. അഡ്രിയാന്‍. അമിതമായ പഞ്ചസാര, ഫ്രോക്ടോസ് എന്നിവ കരളിനെ കേടുപാടുകള്‍ ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നവയാണ്.
ഫ്രോക്ടോസ് കരളില്‍ കൊഴുപ്പായി വേഗത്തില്‍ പരിവര്‍ത്തനം ചെയ്യുകയും അടിഞ്ഞു കൂടാന്‍ ഇടയാക്കുകയും ചെയ്യും. കാലക്രമേണ ഇത് ഇന്‍സുലിന്‍ പ്രതിരോധം, വീക്കം, കരളില്‍ പാടുകള്‍ തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കാം. നിരുപദ്രവമാണെന്ന് കരുതി നമ്മള് കഴിക്കുന്ന പല ഭക്ഷണപദാര്‍ത്ഥങ്ങളും കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നവയാണെന്ന് ഡോ. അഡ്രിയാന്‍ പറയുന്നു. അതിനാല്‍ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധാലുവായിരിക്കേണ്ടത് പ്രധാനമാണ്. കരളിന്റെ പ്രവര്‍ത്തനത്തെ നിശബ്ദമായി തകരാറിലാക്കുന്ന 6 ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.
സോസുകള്‍
പായ്ക്ക് ചെയ്ത സോസുകളില്‍ അമിത അളവില്‍ പഞ്ചസാര, സോഡിയം, പ്രിസര്‍വേറ്റിവുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് കോണ്‍ സിറപ്പില്‍ നിന്നുള്ള പഞ്ചസാര കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) പോലുള്ള അവസ്ഥയിലേക്ക് ഇത് നയിക്കും. ഉപ്പിന്റെ അമിത ഉപയോഗം കരളില്‍ ദ്രാവകം നില്നിര്ത്താന് ഇടയ്ക്കുകയും ചെയ്യും. ഇവയെല്ലാം കരളിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്.
സോഡ, മധുരം അടങ്ങിയ പാനീയങ്ങള്‍
സോഡയിലും മധുരമടങ്ങിയ പാക്കഡ് ജ്യൂസുകളിലും ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ് കോണ്‍ സിറപ്പ് അടങ്ങിയിട്ടുണ്ട്. പതിവായി ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് കരളിന് അമിതഭാരമുണ്ടാക്കും. കാലക്രമേണ ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥയിലേക്ക് ഇത് നയിക്കും.
കുക്കികള്‍, ബേക്കറി പലഹാരങ്ങള്‍
ബേക്കറി പലഹാരങ്ങള്‍, കുക്കികള്‍, ബേക്ക് ചെയ്ത പാക്ക്ഡ് ഭക്ഷണങ്ങള്‍ എന്നിവയില്‍ ട്രാന്‍സ് ഫാറ്റ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ശുദ്ധീകരിച്ച പഞ്ചസാരയും ഇതില്‍ ധാരാളമുണ്ട്. ഇവയുടെ അമിത ഉപഭോഗം കരള്‍ കോശങ്ങളില്‍ വീക്കം, കൊഴുപ്പ് അടിഞ്ഞു കൂടുക, ഇന്‍സുലിന്‍ പ്രതിരോധം എന്നീ അവസ്ഥയ്ക്ക് ഇടയാക്കും. ഇതെല്ലം ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം, കരള്‍ വീക്കം, വിട്ടുമാറാത്ത കരള്‍ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും.
വൈറ്റ് ബ്രെഡ്, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍
വൈറ്റ് ബ്രെഡിലും റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങളിലും ഉയര്‍ന്ന അളവില്‍ ഗ്ലൈസമിക് സൂചിക അടങ്ങിയിട്ടുണ്ട്. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവറിന് കാരണമാകുന്ന രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് വര്‍ധിപ്പിക്കാനും ഇന്‍സുലിന്‍ പ്രതിരോധം പ്രോത്സാഹിപ്പിക്കാനും ഇത് ഇടയാക്കും. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനും ഇത് കാരണമാകും.
മദ്യം
കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് മദ്യം. പതിവായി ചെറിയ അളവില്‍ പോലും മദ്യം കഴിക്കുന്നത് അസറ്റാല്‍ഡിഹൈഡ് പോലുള്ള വിഷവസ്തുക്കള്‍ അടിഞ്ഞു കൂടാന്‍ ഇടയാക്കുകയും കരളിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. ഇത് വീക്കം, കോശ നാശം, കൊഴുപ്പ് അടഞ്ഞുകൂടല് എന്നിവയിലേക്കും നയിക്കും. മദ്യപാനത്തോടൊപ്പം മോശം ഭക്ഷണശീലം കൂടിയാകുമ്പോള്‍ അപകട സാധ്യത വര്‍ധിക്കും.
ഫാസ്റ്റ് ഫുഡുകള്‍
വറുത്ത ഭക്ഷണങ്ങളിലും ഫാസ്റ്റ് ഫുഡുകളിലും പൂരിത കൊഴുപ്പുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം, ഇന്‍സുലിന്‍ പ്രതിരോധം എന്നിവ വര്‍ധിക്കാന്‍ ഇവ ഇടയാക്കും. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.