പ്രസവ പേടി സാധാരണമാണ്, പ്രത്യേകിച്ച് ആദ്യമായി ഈ പ്രക്രിയയിലൂടെ കടന്നു പോകുന്നവരില്‍. ലോകത്ത് ഏതാണ്ട് 60 ശതമാനം സ്ത്രീകളും ഈ പേടിയിലൂടെ കടന്നു പോകുന്നവരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ചില സ്ത്രീകള്‍ ഈ കാലഘട്ടത്തില്‍ വളരെ ശാന്തമായി ആത്മവിശ്വാസത്തോടെയും കാണപ്പെടാറുണ്ട്. അതിന് ചില പ്രത്യേക കാരണങ്ങള്‍ ഉണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
സ്കോര്‍ട്ലാന്‍ഡിലെ റോബര്‍ട്ട് ഗോര്‍ഡന്‍ സര്‍വകലാശാലയും സൗത്ത് ഓസ്ട്രേലിയ സര്‍വകലാശാലയും സംയുക്തമായി നടത്തിയ പഠനത്തില്‍ സ്ത്രീകളില്‍ പ്രസവത്തോടുള്ള ഭയം ഉണ്ടാക്കുന്ന ഘടകങ്ങളും ചില സ്ത്രീകളില്‍ അവ ഉണ്ടാകാതിരിക്കാനുള്ള കാരണങ്ങളും കണ്ടെത്തി.
മൂന്ന് മാസം ഗര്‍ഭിണിയായ 88 സ്ത്രീകളെയാണ് പഠനത്തില്‍ വിശകലനം ചെയ്തത്. വാര്‍വിക്-എഡിന്‍ബര്‍ഗ് വെല്‍നെസ് സ്കെയില്‍ ഉപയോഗിച്ച് പ്രസവ സങ്കീര്‍ണതകള്‍ നേരിടാനുള്ള സ്ത്രീകളുടെ ധൈര്യം മാനസിക ക്ഷേമം എന്നിവ അളന്നു. ഇതില്‍ 12 ശതമാനം സ്ത്രീകളില്‍ തീവ്രമായ പ്രസവ പേടി ഉള്ളതായി കണ്ടെത്തി. എന്നാല്‍ പോസിറ്റീവ് ആയ ആത്മവിശ്വാസമുള്ള അര്‍ത്ഥവത്തായതുമായ സ്നേഹബന്ധത്തില്‍ ഏര്‍പ്പെട്ടവരില്‍ പ്രസവത്തോടുള്ള ഭയം കുറവാണെന്ന് കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു.
നീണ്ടുനിൽക്കുന്ന പ്രസവം, അടിയന്തര സിസേറിയനുകൾ, പ്രസവാനന്തര മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ സ്ത്രീകളില്‍ പ്രസവപ്പേടി വര്‍ധിപ്പിക്കുന്ന ഘടകത്തെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സ്ത്രീകളെ ആ ഭയങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനെക്കുറിച്ച് വളരെക്കുറച്ച് ഗവേഷണങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ.
പ്രസവസമയത്ത് സ്ത്രീകളെ എന്തു ചെയ്യണമെന്ന് പഠിപ്പിക്കുക മാത്രമല്ല, അവർക്ക് അത് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കാൻ അവരെ പ്രാപ്തരാക്കുകയുമാണ് പ്രധാനമെന്ന് ജേണൽ ഓഫ് സൈക്കോസോമാറ്റിക് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രസവ പരിചരണത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ലക്ഷ്യബോധം, വൈകാരിക പോസിറ്റീവിറ്റി, അർത്ഥവത്തായ സാമൂഹിക ബന്ധങ്ങൾ എന്നീ ഘടകങ്ങള്‍ ഗര്‍ഭിണികളില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ വളരെ പ്രധാനമാണ്.