ശ്വാസമാണല്ലോ എല്ലാം അപ്പോൾ ശ്വാസ കോശം മോശമാകാൻ പാടില്ല. ശ്വാസകോശത്തിന്റെ പ്രവർത്തനം ഒരു ദിവസം കൊണ്ട് പെട്ടെന്ന് മോശമാകുന്നതല്ല. പതിയെ പതിയെയാണ് അതിന്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുന്നത്. അതുകൊണ്ടാണ് പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് നടപടിയെടുക്കേണ്ടത് വളരെ പ്രധാനമായത്. നിങ്ങളുടെ ശ്വാസകോശം എത്രമാത്രം നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്നറിയാൻ ആഗ്രഹമുണ്ടോ? അതിന് ആശുപത്രിയിൽ ഒന്നും പോകേണ്ട ആവശ്യമില്ല. നമുക്ക് വീട്ടിലിരുന്നു തന്നെ ബോള്‍ട്ട് ടെസ്റ്റ് ചെയ്ത് നോക്കി ഇക്കാര്യം മനസിലാക്കാം.
“ബോൾട്ട് ടെസ്റ്റ്” സാധാരണയായി ബോഡി ഓക്സിജൻ ലെവൽ ടെസ്റ്റിനെ (BOLT) സൂചിപ്പിക്കുന്നു, ഇത് സാധാരണ നിങ്ങളുടെ ശ്വാസം സുഖമായി പിടിച്ചുനിര്‍ത്താനുള്ള കഴിവ് ബോള്‍ട്ട് പരിശോധന ഉപയോഗിച്ച് നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. കാർബൺ ഡൈ ഓക്സൈഡ് സഹിഷ്ണുത, നാഡീവ്യവസ്ഥയുടെ നിയന്ത്രണം, ശ്വസന കാര്യക്ഷമത എന്നിവയെക്കുറിച്ച് നിങ്ങൾക്ക് മനസിലാക്കി നൽകുന്നു. ആരോഗ്യമുള്ള ഒരു വ്യക്തി സാധാരണയായി ശ്വസിക്കാനുള്ള പ്രേരണ അനുഭവപ്പെടുന്നതിന് മുമ്പ് ഏകദേശം 40 സെക്കൻഡ് ശ്വാസം പിടിച്ച് വയ്ക്കുന്നുവെന്ന് www.bodymindbrain.co.uk എന്ന ആരോഗ്യ, ഫിറ്റ്നസ് ബ്ലോഗ് പറയുന്നു.
ബോള്‍ട്ട് ടെസ്റ്റ് ചെയ്യാനായി ആദ്യം സ്വസ്ഥത ഉളള ഇടത്ത് സുഖകരമായി നിവര്‍ന്ന് ഇരുന്ന് 2, 3 മിനിറ്റ് സാധാരണ രീതിയില്‍ മൂക്കിലൂടെ ശ്വസിക്കുക. പതുക്കെ വേണം ശ്വാസമെടുക്കാന്‍. ആഴത്തിലുള്ള ശ്വസനം വേണ്ട. പിന്നീട് മൂക്കിലൂടെ സാധാരണ പോലെ ശ്വാസം പുറത്ത് വിടുക. സാവധാനം വേണം ശ്വാസം പുറത്തേക്ക് വിടാന്‍തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് നാസാദ്വാരങ്ങള്‍ അടയ്ക്കുക.ഉടന്‍തന്നെ സ്റ്റോപ്പ് വാച്ച് ഓണ്‍ ചെയ്യാം.ശ്വസിക്കാനുള്ള ആദ്യത്തെ പ്രേരണ ഉണ്ടാകുന്നതുവരെ ശ്വാസം പിടിച്ച് വയ്ക്കുക. അസ്വസ്ഥതയോ ശ്വാസംമുട്ടലോ ഉണ്ടാകാതെ അപ്പോള്‍ തന്നെ ശ്വാസം പുറത്തുവിടാം.ടൈമര്‍ നിര്‍ത്തി സെക്കന്റുകള്‍ക്കുള്ളില്‍ എത്ര സമയം ശ്വാസം പിടിച്ച് നിര്‍ത്തിയെന്നുള്ള സ്‌കോര്‍ പരിശോധിക്കുക.ശ്വസിക്കാനുള്ള പ്രേരണ തോന്നുന്നതിന് മുന്‍പ് നിങ്ങള്‍ സുഖകരമായി ശ്വാസം പിടിച്ചുവയ്ക്കുന്ന സമയമാണ് ബോള്‍ട്ട് സ്‌കോര്‍. ഡോ. സുധീര്‍ കുമാര്‍ എക്‌സില്‍ പങ്കിട്ട പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
നിങ്ങളുടെ ശ്വാസകോശം കാര്യക്ഷമമാണോ എന്ന് മനസിലാക്കുന്നത് ഇങ്ങനെയാണ്;
- 20 മുതല്‍ 30 സെക്കന്റ് വരെ സമയ പരിധി മിക്ക ആരോഗ്യമുള്ള മുതിര്‍ന്നവരിലും സാധാരണമാണ്. ശ്വസനരീതികളും ശ്വാസകോശ പ്രവര്‍ത്തനവും ആരോഗ്യകരമായ പരിധിക്കുളളിലാണെന്ന് ഇത് സൂചിപ്പിക്കുന്നു.
- 40 സെക്കന്‍ഡില്‍ കൂടുതലുള്ള സ്‌കോറുകള്‍ പലപ്പോഴും എന്‍ഡുറന്‍സ് അത്‌ലറ്റുകള്‍, യോഗ പ്രാക്ടീഷണര്‍മാര്‍, ശ്വസന വ്യായാമങ്ങള്‍ പതിവായി പരിശീലിക്കുന്നവര്‍ എന്നിവരില്‍ കാണപ്പെടുന്നു.
- 20 സെക്കന്‍ഡില്‍ താഴെ സ്‌കോര്‍ ഉള്ളവരുടെ ശ്വസന ശീലങ്ങള്‍ മോശമാണെന്നോ, ശാരീരിക ക്ഷമത കുറവാണെന്നോ, ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരോ ആണെന്ന് മനസിലാക്കാം. നിങ്ങളുടെ ബോള്‍ട്ട് സ്‌കോര്‍ സ്ഥിരമായി കുറവാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് വേണ്ട ചികിത്സ തേടേണ്ടതാണ്.