ബോണ്‍: പുരുഷന്മാരേക്കാള്‍ കൂടുതല്‍ക്കാലം സ്ത്രീകള്‍ ജീവിക്കുന്നതിന്റെ കാരണം കണ്ടെത്തിയെന്നു ഗവേഷകര്‍. ലോകത്ത് എവിടെയായിരുന്നാലും സ്ത്രീകളാണ് പുരുഷന്മാരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നത്.
‘ഹെറ്ററോഗാമെറ്റിക് സെക്‌സ് തിയറി’ എന്നാണു സിദ്ധാന്തത്തിന്റെ പേര്. സിദ്ധാന്ത പ്രകാരം പുരുഷന്മാരെ ‘ഹെറ്ററോഗാമെറ്റിക് സെക്‌സ്’ എന്ന് വിളിക്കുന്നു, കാരണം
അവരുടെ ലിംഗനിര്‍ണയ ക്രോമസോമുകള്‍ യോജിക്കുന്നില്ല. അവര്‍ക്ക് ഒരോരോ എക്‌സ്, വൈ ക്രോമസോമുകളാണ് ഉള്ളത്. സ്ത്രീകള്‍ക്കു രണ്ട് വൈ ക്രോമസോമുകളും. എക്‌സ് വൈ ക്രോമസോമുകള്‍ കാരണം പുരുഷന്മാര്‍ക്ക് ജനിതക വ്യതിയാനങ്ങള്‍ക്കും രോഗങ്ങള്‍ക്കും കൂടുതല്‍ സാധ്യതയുണ്ട്.
ഇത് ആത്യന്തികമായി മരണനിരക്ക് വര്‍ധിപ്പിക്കുന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറിന്റെയും ആന്ത്രോപോളജിയുടെയും ഭാഗവുമായ ഡോ. ഫെര്‍ണാണ്ടോ കൊള്‍ച്ചെറോ പറഞ്ഞു. 1740കളില്‍തന്നെ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നു എന്നു വ്യക്തമായിരുന്നു.
ആഗോള കണക്ക് പ്രകാരം സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 73.8 വര്‍ഷവും പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 68.4 വര്‍ഷവുമാണ്. മൃഗങ്ങള്‍ക്കിടയിലും പെണ്‍വര്‍ഗത്തിനാണു കൂടുതല്‍ ആയുസ്. പക്ഷേ, ചില പക്ഷികള്‍, പ്രാണികള്‍, ഉരഗങ്ങള്‍ എന്നിവയില്‍ ആണ്‍വര്‍ഗമാണു കൂടുതല്‍ കാലം ജീവിക്കുന്നത്. ഇതോടെയാണ് ആയുസ് സംബന്ധിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്. അവര്‍ ലോകമെമ്പാടുമുള്ള മൃഗശാലകളിലെ 528 സസ്തനി വര്‍ഗങ്ങളുടെയും 648 പക്ഷി വര്‍ഗങ്ങളുടെയും രേഖകള്‍ പഠിച്ചു.
എക്‌സ് എക്‌സ്, എക്‌സ് വൈ എന്നിവയാണു വ്യക്തിയുടെ ജൈവിക ലിംഗത്തെ നിര്‍ണയിക്കുന്ന ലിംഗനിര്‍ണയ ക്രോമസോമുകള്‍. സാധാരണയായി സ്ത്രീകള്‍ക്ക് രണ്ട് എക്‌സ് ക്രോമസോമുകള്‍ (എക്‌സ-് എക്‌സ്) ഉണ്ടാകും, പുരുഷന്മാര്‍ക്ക് സാധാരണയായി ഒരു എക്‌സും ഒരു വൈ ക്രോമസോമും (എക്‌സ് -വൈ) ഉണ്ടാകും.
മനുഷ്യരെപ്പോലെ, 72% സസ്തനികളിലും സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യത്തിനു മുന്‍തൂക്കമുണ്ട്. 68% പക്ഷികളില്‍ ആണ്‍ വര്‍ഗത്തിനു മുന്‍തൂക്കം കണ്ടതായി അവര്‍ കണ്ടെത്തി.
സസ്തനികളിലെ ഈ പ്രവണതയുടെ പ്രധാന വിശദീകരണമായി ഗവേഷകര്‍ ഹെറ്ററോഗാമെറ്റിക് സെക്‌സ് സിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നു.രണ്ട് എക്‌സ് ക്രോമസോമുകള്‍ ഉണ്ടാകുന്നത് സ്ത്രീകളെ ദോഷകരമായ വ്യതിയാനങ്ങളില്‍നിന്നു സംരക്ഷിക്കുമെന്നും അതിലൂടെ അതിജീവനത്തിനു മുന്‍തൂക്കം നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു.സ്ത്രീകളെന്നപോലെ, പുരുഷന്മാര്‍ക്ക് ജനിതക പ്രശ്‌നങ്ങള്‍ വന്നാല്‍ സഹായിക്കാന്‍ രണ്ട് എക്‌സ് ക്രോമസോം ഇല്ല.’ഒരേ ജീനുകളുടെ രണ്ട് പകര്‍പ്പുകള്‍ ഉണ്ടെങ്കില്‍, അത് ജീവികള്‍ക്കു ഗുണകരമാണ്’- ഡോ.ജോഹന്ന സ്റ്റാര്‍ക്ക പറഞ്ഞു. എങ്കിലും, പെണ്‍ സസ്തനികള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നതിന് മറ്റ് ചെറിയ ഘടകങ്ങളുമുണ്ടെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു.
മൃഗങ്ങളുടെ ഇടയില്‍ ഇണയെ ലഭിക്കാന്‍ ആണ്‍ ജീവികള്‍ പോരാടാറുണ്ട്. ഈ പോരാട്ടവും അവയുടെ ആയുസ് കുറയ്ക്കുന്നുണ്ട്.
മൃഗലോകത്ത് ഇണകളെ ആകര്‍ഷിക്കുന്നതിന് ആണ്‍വര്‍ഗത്തിനു വലിയ ശരീര വലുപ്പം, വര്‍ണാഭമായ തൂവലുകള്‍, അല്ലെങ്കില്‍ കൊമ്പുകള്‍ എന്നിവ പ്രകൃതി നല്‍കിയിട്ടുണ്ട്.ഈ വികസിത സ്വഭാവങ്ങള്‍ പ്രത്യുത്പാദന വിജയസാധ്യത വര്‍ധിപ്പിക്കാമെങ്കിലും, അവ ആയുര്‍ദൈര്‍ഘ്യം കുറയുന്നതിനു കാരണമാകുന്നെന്നു ഗവേഷകര്‍ പറയുന്നു. സന്താനങ്ങളെ വളര്‍ത്തുന്നതില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന ലിംഗവര്‍ഗം കൂടുതല്‍ കാലം ജീവിക്കുന്നു എന്നതിനും തെളിവുകള്‍ കണ്ടെത്തി.
പെണ്‍ മൃഗങ്ങള്‍ അവരുടെ സന്താനങ്ങള്‍ സ്വതന്ത്രരാകുന്നത് വരെയോ ലൈംഗിക പക്വത നേടുന്നത് വരെയോ അതിജീവിക്കാന്‍ വികസിപ്പിച്ചെടുത്തതാകാം. വേട്ടയാടല്‍ തുടങ്ങിയ സമ്മര്‍ദങ്ങളില്ലാത്ത സാഹചര്യത്തില്‍ പോലും ആയുര്‍ദൈര്‍ഘ്യത്തിലെ വിടവ് നിലനില്‍ക്കുന്നതായി അവര്‍ കണ്ടെത്തി.ആയുര്‍ദൈര്‍ഘ്യത്തിലെ വ്യത്യാസം ജനിതകത്തിലും പരിണാമ പ്രക്രിയകളിലും ആഴത്തില്‍ വേരൂന്നിയതാണെന്നു സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കി.