തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ നമ്മുടെ ആരോഗ്യമേഖലയില്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും കൂടി സഹകരണവും പങ്കാളിത്തവും ചേരുമ്പോഴാണ് ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ ഉയര്‍ന്ന തലത്തിലേക്ക് എത്താന്‍ നമ്മുടെ നാടിന് സാധിക്കുന്നതെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്. അനില്‍. പ്രശസ്ത മനോരോഗ വിദഗ്ദ്ധന് ഡോ. എന്‍. പ്രഭാകരന്റെ ഇരുപത്തിയെട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുമാരപുരം ദിവ്യപ്രഭ കണ്ണാശുപത്രിയിൽ നടന്ന ഓര്‍മ്മദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഡോ. എന്‍. പ്രഭാകരന് ദീര്‍ഘകാലം നടത്തിയ സേവനങ്ങള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തി. ആ പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹത്തിന്റെ ഓര്‍മ്മദിനം സേവനദിനമായി ആചരിക്കുന്നത് മാതൃകാപരമാണെന്നും ദിവ്യപ്രഭ കണ്ണാശുപത്രി നടത്തുന്ന സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ഓര്‍മ്മദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം കടകംപളളി സുരേന്ദ്രന് എം.എല്‍.എ നിര്‍വഹിച്ചു. മനോരോഗചികിത്സയെ മനുഷ്യസേവനത്തിന്റെ ഉന്നത പാതയിലേയ്ക്ക് നയിച്ച മഹനീയ വ്യക്തിത്വം ആയിരുന്നു ഡോ. എന്‍. പ്രഭാകരന്.
ജീവിച്ചകാലം മുഴുവൻ ഒരു മികച്ച ഡോക്ടറായി സമൂഹത്തിന് നൽകിയ സേവനങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഓർമ്മിപ്പിക്കപ്പെടുന്നതെന്നും എം.എൽ.എ പറഞ്ഞു.ഹോസ്പിറ്റല്‍ ചെയര്മാന് ഡോ. സുശീല പ്രഭാകരന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്മാന് ഡോ. ദേവിന് പ്രഭാകര്‍, പനച്ചമൂട്ടിൽ എക്സ്പോർട്സ് മാനേജിംഗ് ഡയറക്ടർ എബ്രഹാം തോമസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ജോൺ പണിക്കർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ആർ. സി. ശ്രീകുമാർ, ദിവ്യപ്രഭ ഡയറക്ടര്‍ ഡോ. കവിത ദേവിന്, എസ്.എൻ.ഡി.പി. കുമാരപുരം ശാഖ പ്രസിഡൻ്റ് മണ്ണുമുട്ടം ശശി, പടിഞ്ഞാറ്റിൽ റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി ജിബു.ജി, യോഗ ട്രെയിനര്‍ ഡോ.ശ്രീലക്ഷ്മി.പി.ടി എന്നിവര്‍ സംസാരിച്ചു.രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ നടക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പിന് ഡോ. ദേവിന് പ്രഭാകര്‍, ഡോ. കവിത ദേവിന് എന്നിവര്‍ നേതൃത്വം നല്കി. ക്യാമ്പില്‍ നൂറിലധികം പേര് പങ്കെടുത്തു.