മഴ പെയ്താൻ പറമ്പിൽ പൊട്ടി മുളയ്ക്കുന്ന കൂൺ കഴിയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഇപ്പോൾ വർഷം മുഴുവൻ പല രൂപങ്ങളിലും കൂൺ ലഭ്യമാണ്. ഉരുണ്ടതും പരന്നതുമായ ഇത്തരം കൂണുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒട്ടേറെ ഗുണങ്ങളും നൽകുന്നു. കടയിൽ നിന്നും വാങ്ങിയ കൂൺ കൂടുതൽ നേരം പുറത്തിരിക്കുന്നത് അത് കേടാകാൻ കാരണമാകും.
ജലാംശം കൂടുതൽ ഉള്ളതിനാൽ ഫ്രിഡ്ജിനുള്ളിൽ വയ്ക്കുമ്പോഴും കൂണുകൾ കേടാകാൻ സാധ്യതയുണ്ട്.കൂണ്‍ കടയില്‍ നിന്നും വാങ്ങി കൊണ്ടുവന്ന ശേഷം, നേരിട്ട് ഫ്രിജിനുള്ളില്‍ കയറ്റി വയ്ക്കുന്നത് അത്ര നല്ലതല്ല. കൂണുകളിൽ 92% വെള്ളമായതിനാൽ അവ നേരിട്ട് ഫ്രിഡ്ജിലോ, ഫ്രീസറിലോ വയ്ക്കുമ്പോൾ അവയ്ക്കുള്ളിൽ ഐസ് പരലുകൾ ഉണ്ടാകും. ഇത് അവയുടെ കോശഭിത്തികളെ പൊട്ടിക്കുകയും, ഡീഫ്രോസ്റ്റ് ചെയ്തുകഴിഞ്ഞാൽ ചീഞ്ഞു കാണുകയും ചെയ്യും.
കൂടാതെ നിറം മാറ്റത്തിനും രുചി വ്യത്യാസത്തിനും ഇത് കാരണമാകും. ശീതികരിച്ച കൂണുകളിൽ സംഭവിക്കുന്ന മറ്റൊരു കാര്യം പോഷകഘടകങ്ങൾ നഷ്ടമാകുന്നു എന്നതാണ്. വിറ്റാമിൻ ബി,സി എന്നിവയുടെ അളവ് ഗണ്യമായി കുറയും.കൂൺ ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതിൽ ആദ്യത്തേത് പാചകം ചെയ്ത ശേഷം മാത്രം കൂൺ ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയെന്നതാണ്.
കൂണുകൾ വൃത്തിയാക്കിയ ശേഷം പേപ്പർ ടവ്വൽ കൊണ്ട് തുടയ്ക്കണം. ഒലിവ് ഓയിൽ അല്ലെങ്കിൽ ബട്ടർ ഉപയോഗിച്ച് വഴറ്റി എടുക്കാം. പിന്നീട്ട് വായു കടക്കാത്ത പാത്രത്തിലാക്കി വേണം ഫ്രിഡ്‌ജിൽ സൂക്ഷിക്കേണ്ടത്. മറ്റൊന്ന് ബ്ലാഞ്ചിംഗാണ്. കൂണുകൾ തിളച്ച വെള്ളത്തിൽ ഏതാനും മിനിട്ട് ഇട്ട ശേഷം പെട്ടെന്ന് ഐസ് വെള്ളത്തിൽ മുക്കിവയ്ക്കുന്ന രീതിയാണിത്. പിന്നീട് ബേക്കിംഗ് പേപ്പറിൽ വച്ചിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിക്കുന്ന കൂണുകൾ ആറുമാസത്തോളം കേടാവുകയുമില്ല.




