പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആധാർ കാർഡുകളുടെ ഫോട്ടോകോപ്പികൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും നിരോധിക്കാൻ ഒരുങ്ങി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). പുതിയ നിയമം നടപ്പിലാക്കുന്നതോടെ ഹോട്ടലുകൾ, ഇവന്റ് സംഘാടകർ, ടെലികോം കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഡിജിറ്റൽ ആധാർ പരിശോധനയ്ക്കായി UIDAI-യിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
പുതിയ ചട്ടക്കൂട് ഉടൻ പ്രഖ്യാപിക്കുമെന്ന് UIDAI സി.ഇ.ഒ. ഭുവനേഷ് കുമാർ അറിയിച്ചു. “പേപ്പർ അടിസ്ഥാനമാക്കിയുള്ള ആധാർ പരിശോധന നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം,” അദ്ദേഹം പറഞ്ഞു. ഓഫ്ലൈൻ പരിശോധന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും UIDAI-യിൽ രജിസ്റ്റർ ചെയ്യണം. സ്ഥാപനങ്ങൾ ഇനിമുതൽ ആധാർ കാർഡിലെ ക്യുആർ കോഡുകൾ അല്ലെങ്കിൽ പ്രത്യേക ആധാർ ആപ്പ് എന്നിവ ഉപയോഗിച്ച് വേണം പരിശോധന നടത്താൻ. ക്യുആർ കോഡിൽ എൻക്രിപ്റ്റ് ചെയ്ത വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇത് വ്യക്തിപരമായ സെൻസിറ്റീവ് ഡാറ്റാ വെളിപ്പെടുത്താതെ സുരക്ഷിതമായ പരിശോധന ഉറപ്പാക്കും.
ഈ പുതിയ രീതി വേഗതയേറിയതും, ഡാറ്റാ ലംഘനത്തിനോ ഐഡന്റിറ്റി മോഷണത്തിനോ ഉള്ള സാധ്യത കുറയ്ക്കുന്നതുമാണ്. കേന്ദ്ര ആധാർ ഡാറ്റാബേസ് സെർവറുമായി ബന്ധമില്ലാതെ തന്നെ ആപ്പ്-ടു-ആപ്പ് വെരിഫിക്കേഷൻ സാധ്യമാക്കുന്ന ഒരു പുതിയ ആപ്പ് UIDAI ബീറ്റാ-ടെസ്റ്റിംഗ് നടത്തുന്നുണ്ടെന്ന് ഭുവനേഷ് കുമാർ പിടിഐയോട് പറഞ്ഞു. “ഇത് പേപ്പർ ഉപയോഗിക്കാതെ തന്നെ ഓഫ്ലൈൻ വെരിഫിക്കേഷൻ വർദ്ധിപ്പിക്കുകയും ഉപയോക്താക്കളുടെ സ്വകാര്യത നിലനിർത്തുകയും ഡാറ്റാ ചോർച്ച ഒഴിവാക്കുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നിയമം ഉടൻ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.




