- Advertisement -Newspaper WordPress Theme
HEALTHമുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് ലോകശ്രദ്ധ നേടുന്ന മാതൃക സൃഷ്ടിക്കും: മുഖ്യമന്ത്രി

മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് ലോകശ്രദ്ധ നേടുന്ന മാതൃക സൃഷ്ടിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒറ്റപ്പെടലിന്റെ ദുരിതം നേരിടാൻ സാധ്യതയുള്ള മുതിർന്ന പൗരന്മാരെ ചേർത്തുനിർത്താനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട് കേരളത്തിൽ ലോകശ്രദ്ധ നേടുന്ന മാതൃക സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി. 2026-ലെ കേരളം മുതിർന്ന പൗരന്മാരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബില്ലിന്റെ മൂന്നാം വായനയ്ക്കിടെ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം രാഷ്ട്രീയ പ്രതിബദ്ധതയോടെ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമനിർമാണമെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിന് വിവിധ അംഗങ്ങൾ മുന്നോട്ടുവച്ച ഭേദഗതികൾ നിയമത്തെ കൂടുതൽ മികവുറ്റതാക്കാൻ സഹായിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബില്ലിനെ സൂക്ഷ്മമായി പരിശോധിച്ച് ശ്രദ്ധേയമായ ഭേദഗതികൾ അവതരിപ്പിച്ച നിയമസഭാംഗങ്ങളെയും സ്പീക്കറെയും അദ്ദേഹം അഭിനന്ദിച്ചു. നിയമവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ കഠിനാധ്വാനത്തെയും നിയമസഭാ സെക്രട്ടേറിയറ്റിന്റെ സഹകരണത്തെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

മാറുന്ന ലോകത്തിന് അനുസരിച്ചുള്ള തയ്യാറെടുപ്പ്

ആയുർദൈർഘ്യം വർധിക്കുന്നതും ജനസംഖ്യയുടെ പ്രായഘടനയിൽ സംഭവിക്കുന്ന മാറ്റങ്ങളും ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ വളർച്ചയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാനോടെക്നോളജി തുടങ്ങിയ സാങ്കേതികവിദ്യകളിലെ പുരോഗതിയും ആരോഗ്യപരിപാലന രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. ഈ സാഹചര്യത്തിൽ മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം അവരുടെ അനുഭവസമ്പത്തും കഴിവുകളും സമൂഹത്തിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുതിർന്നവരെ സംരക്ഷണം ആവശ്യമുള്ളവരായി മാത്രം കാണാതെ, സമൂഹത്തിന് സംഭാവനകൾ നൽകാൻ കഴിയുന്ന സജീവവും സർഗാത്മകവുമായ വ്യക്തികളായി പരിഗണിക്കണം. മുതിർന്ന പൗരന്മാരെ സജീവമായി നിലനിർത്താൻ ഓരോ നിയോജകമണ്ഡലത്തിലും ജനപ്രതിനിധികൾക്ക് മാതൃകാപരമായ പദ്ധതികൾ ആവിഷ്കരിക്കാം. ഇത്തരം മികച്ച പദ്ധതികൾ സംസ്ഥാനതലത്തിൽ ഏറ്റെടുക്കാനും സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമത്തിനൊപ്പം പദ്ധതികളും വേണം

നിയമനിർമാണം കൊണ്ടുമാത്രം ലക്ഷ്യം കൈവരിക്കാനാകില്ലെന്നും അത് പ്രാവർത്തികമാക്കാൻ ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന പൗരന്മാർക്ക് ആവശ്യമായ പരിചരണവും സംരക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോകണം. 1963-ൽ ആർ. ശങ്കറിന്റെ കാലത്ത് പ്രായമായവർക്ക് പെൻഷൻ അനുവദിച്ച നടപടിയുടെ തുടർച്ചയായി പുതിയ നിയമത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിൽ കേരള നിയമസഭ രാജ്യത്തിന് മാത്രമല്ല, ലോകത്തിനുതന്നെ മാതൃകയാകുന്ന നിലയിലേക്ക് മുന്നേറുകയാണെന്ന സന്ദേശത്തോടെയാണ് ബിൽ പാസാക്കാൻ മുഖ്യമന്ത്രി സഭാംഗങ്ങളോട് അഭ്യർഥിച്ചത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme