വാഹനാപകടങ്ങളില്‍പെട്ട് ജീവന്പൊലിയുന്നവരുടെയും ഗുരുതരമായി പരുക്കേറ്റവരുടെയും വാര്‍ത്തകള്‍ കേള്‍ക്കാതെ നമ്മുടെ ഒരു ദിവസംപോലും കടന്നുപോകുകയില്ല. ഒരു കുടുംബത്തിന്റെ അത്താണിയെ എന്നെന്നേക്കുമായി നഷ്ടമാകുകയോ ദീര്‍ഘകാലം നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ജീവിക്കേണ്ടിവരികയോയാകും ഓരോ അപകടത്തിന്റേയും ബാക്കിപത്രം.
ഒരു കുടുംബത്തിന് സഞ്ചരിക്കാവുന്ന വാഹനമെന്ന നിലയ്ക്കു കാറുകള്‍ ജനപ്രിയമായി വരികയാണ്. അതുകൊണ്ടുതന്നെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാറുകളുടെ മുന്‍സീറ്റില്‍ 2 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന നടപടിയെടുത്തിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. കാറുകളുടെ വില ഉയരുമെങ്കിലും ഈ നടപടിയിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാനാകുമെന്ന് ഉറപ്പാണ്. നിലവില്‍ ഡ്രൈവറുടെ സീറ്റില്‍ മാത്രമാണ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ വരുന്ന ഏപ്രില്‍ 1 മുതല്‍ എല്ലാ കാറുകളുടെയും മുന്‍സീറ്റില്‍ രണ്ടു എയര്‍ബാഗുകള്‍ നിര്‍ബന്ധമാണ്.
കാര്‍ യാത്രകളിലെ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ കാറുകള്‍ക്ക് ഇരട്ട (രണ്ട്) എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം തീരുമാനിച്ചത്. അപകടമുണ്ടായാല്‍ ഡ്രൈവറെയും ഡ്രൈവറുടെ ഭാഗത്തുള്ള യാത്രക്കാരെയും ഇത് സംരക്ഷിക്കും. ഈ നിര്‍ദ്ദേശത്തില്‍ മന്ത്രാലയം പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. അടുത്ത ഒരു മാസത്തിനുള്ളില്‍ ജനങ്ങള്‍ക്ക് ഈ നിര്‍ദ്ദേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയും.
മാത്രമല്ല ഇരട്ട എയര്‍ബാഗുകളുടെ അഭാവം മൂലം ആഗോള സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഇന്ത്യയുടെ നിരവധി ജനപ്രിയ കാറുകള്‍ പരാജയപ്പെടുകയാണ്. പല മോഡലുകള്‍ക്കും പൂജ്യം റേറ്റിംഗാണ് ലഭിക്കുന്നതും. എന്നാല്‍ ഇരട്ട എയര്‍ബാഗുകളുള്ള ചില കാറുകള്‍ക്ക് 4 സ്റ്റാര്‍ റേറ്റു ലഭിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ആഗോള സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കുന്നത് ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്നതിന് സഹായകരമാകുന്നതിനൊപ്പം കാര്‍ കയറ്റുമതിയില്‍ ഇന്ത്യന്‍ നിര്മ്മിതവാഹനങ്ങള്ക്ക് കുതിപ്പുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.