in , , , ,

പുതുവര്‍ഷം വരവായി; കോവിഡ് ജാഗ്രതയില്‍ പിന്നോട്ടുപോകരുത്

Share this story
  • രേണുകാ മേനോന്‍

കോവിഡ് 19-ന്റെ ജനിതകമാറ്റം വന്ന വയറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. പൊതുസമൂഹത്തില്‍ ഉയര്‍ന്നു നിന്ന ജാഗ്രതയില്‍ നിന്നും പലരും പിന്നാക്കംപോയ ഘട്ടത്തിലാണ് കോവിഡ് 19-ന്റെ രൂപമാറ്റം സംഭവിച്ച വയറസിന്റെ കടന്നുവരവ്. ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയതരം വയറസിന് ആദ്യത്തേതിനേക്കാള്‍ 70 ശതമാനത്തിലധികം വേഗത്തില്‍ രോഗം പടര്‍ത്താനുള്ള കഴിവുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് മഹാമാരിയുടെ രണ്ടാംഘട്ട വ്യാപനം ശക്തമാകുകയാണ്. ജനസംഖ്യയിലും ജനസാന്ദ്രതയിലും ഏറെ മുന്നില്‍നില്‍ക്കുന്ന കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഭരണമേല്‍ക്കലുമൊക്കെയായി കേരളം കോവിഡ് മാനദണ്ഡങ്ങളെ കാറ്റില്‍പറത്തുകയാണ്. രാഷ്ട്രീയനേതാക്കള്‍ അടക്കമുള്ള അധികാരികള്‍ക്കുവേണ്ടി ആരോഗ്യരംഗത്തുണ്ടാകേണ്ട ജാഗ്രതയില്‍ വെള്ളംചേര്‍ത്തിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പുതുവര്‍ഷം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, കോവിഡ് മഹാമാരിയെ മറന്നുകൊണ്ടുള്ള ആഘോഷങ്ങള്‍ക്ക് പൊതുജനം സ്വയംനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്.

2020 ന്റെ നിരാശ പടര്‍ത്തുന്ന വര്‍ഷമാകരുത് വരുന്ന പുതുവര്‍ഷമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുന്നെങ്കില്‍, കോവിഡ് മഹാമാരിയുടെ വ്യാപനം പുതുവര്‍ഷത്തിലേക്കും പടര്‍ത്തിവിടാതിരിക്കാന്‍ ഓരോ വ്യക്തിയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

ശാരീരിക അകലം പാലിക്കല്‍, കൈ കഴുകല്‍ രീതികള്‍, മാസ്‌ക് ധരിക്കല്‍ എന്നിവയെല്ലാം പിന്തുടരുന്നതുകൊണ്ടു മാത്രമാണ് ഒരുപരിധിവരെ ഈ മഹാമാരിയുടെ വ്യാപനം അതിരൂക്ഷമാകാതെ തടയാനാകുന്നത്.

കോവിഡ് രണ്ടാമത്തെ തരംഗം ആദ്യത്തേതിനേക്കാള്‍ അപകടകരമാണെന്നന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. ശരിയായ ബോധവത്ക്കരണത്തിന് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ തുടരേണ്ടതുണ്ട്.

വാക്സിനേഷന്‍ വരുന്നതുവരെ, കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം പരാമവധി പിടിച്ചുനിര്‍ത്താന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. 2021 പ്രത്യാശയുടെ വര്‍ഷമായിത്തീരാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മുന്നോട്ടുനീങ്ങാം.

കാര്‍യാത്ര ഇനി സുരക്ഷിതമാകും; എല്ലാ കാറുകളിലും മുന്‍സീറ്റില്‍ 2 എയര്‍ബാഗുകള്‍ നിര്‍ബന്ധം

കോവിഡിന് ഇന്ന് ഒരു വയസ്