സമ്പന്ന രാജ്യങ്ങള്‍ ഫൈസര്‍ ഉദ്പാദിപ്പിച്ച വാക്സിന്റെ 96 ശതമാനവും സ്വന്തമാക്കി
പുതുവര്‍ഷപ്പിറവിയോടെ കോവിഡ് വാക്സിനുകളുടെ പരീക്ഷണം ലോകരാജ്യങ്ങളില്‍ പൂര്‍വ്വാധികം ശക്തിയോടെ നടന്നുവരികയാണ്. ഇന്ത്യയിലടക്കം ഏതു വാക്സിന് തെരഞ്ഞെടുക്കണമെന്ന തീരുമാനം ഇന്നുതന്നെ വരുമെന്നാണ് സൂചന. വാക്സിനുവേണ്ടിയുള്ള നടപടികള്‍ അവസനഘട്ടത്തിലാണെന്നും ‘വാക്സിനും കരുതലും’ എന്നതാണ് കോവിഡിനെതിരേയുള്ള മന്ത്രമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയതോടെയാണ് മരുന്നിനുള്ള അനുമതി ഉടനുണ്ടാകുമെന്ന നിഗമനത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച ആദ്യ വാക്സിന് എന്ന ഖ്യാതി ഫൈസര്‍-ബയോ എന്‍ടെക്കിന്റെ കോവിഡ് വാക്സിനു ലഭിച്ചതോടെ ലോകരാജ്യങ്ങളെല്ലാം ഫൈസര്‍ വാക്സീനു പിന്നാലെ പായുകയാണ്. സമ്പന്ന രാജ്യങ്ങളെല്ലാം മരുന്നു ശേഖരം വാങ്ങിക്കൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തമായി മരുന്നു വികസിപ്പിക്കാന്ശേഷിയില്ലാത്ത ദരിദ്രരാജ്യങ്ങളുടെ കാര്യം പരിഗണിക്കാതെ സമ്പന്ന രാജ്യങ്ങള്‍ ഫൈസര്‍ ഉദ്പാദിപ്പിച്ച വാക്സിന്റെ 96 ശതമാനവും സ്വന്തമാക്കിയെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.
അടിയന്തിര ഉപയോഗത്തിനായി ഫൈസര്‍-ബയോ എന്‍ടെക്കിന്റെ കൊറോണ വൈറസ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെയാണ് ഈ നീക്കം. ബ്രിട്ടണ്, അമേരിക്ക, കാനഡ, ഖത്തര്‍, ബഹ്റൈന്‍,
സിംഗപ്പൂര്‍ തുടങ്ങി നിരവധി സമ്പന്ന രാജ്യങ്ങളാണ് ഫൈസര്‍-ബയോ എന്‍ടെക്കിന്റെ കൊറോണ വാക്സിനുകള്‍ വാങ്ങിക്കൂട്ടിയത്. ഇത് ദരിദ്രരാജ്യങ്ങളിലേക്കുള്ള മരുന്നു വിതരണത്തില്‍ എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നു ലോകാരോഗ്യ സംഘടനയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വാക്സിന് വികസിപ്പിക്കാനോ ഗുണനിലവാരം പരിശോധിക്കാനോ ഉള്ള ശേഷിയില്ലാത്ത ദരിദ്രരാജ്യങ്ങള്‍ ലോകാരോഗ്യസംഘടനയുടെ അംഗീകാരം നേടിയ മരുന്നിനാണ് കാത്തിരിക്കുന്നത്. ഫൈസര്‍ അതുനേടിയെടുത്തെങ്കിലും സമ്പന്നരാജ്യങ്ങള്‍ വാങ്ങിക്കൂട്ടിയതോടെ ദരിദ്രരാജ്യങ്ങള്‍ക്ക് മരുന്നുലഭിക്കാന് ഏറെ കാത്തിരിക്കേണ്ടിവരുമെന്നാണ് ആംനെസ്റ്റി സംഘടന ഓര്‍മ്മിപ്പിക്കുന്നത്.