ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സീന് വാങ്ങുന്നതിനായി ബ്രസീലിലെ സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകളുടെ സംഘടന. അമ്പതു ലക്ഷം ഡോസ് വാക്സീനു വേണ്ടിയാണ് ഭാരത് ബയോടെക്കിനെ ഇവര്‍ സമീപിച്ചത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ അവസാനഘട്ടത്തിലേക്കു കടന്ന കോവാക്സീന് വാങ്ങുന്നതിനായി ഭാരത്ബയോടെക്കുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചതായി ദ് ബ്രസീലിയന്‍ അസോസിയേഷന് ഓഫ് വാക്സീന് ക്ലിനിക്സ് (എബിസിവിഎസി) അവരുടെ വെബ്സൈറ്റില്‍ സ്ഥിരീകരിച്ചു. ഇത് ഇന്ത്യയ്ക്ക് അഭിമാന നേട്ടമാണ്.
നിയന്ത്രിതമായി അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഭാരത് ബയോടെക്കിന്റെ കോവാക്സീന്, ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് എന്നീ വാക്സീനുകള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ട്രയലിന്റെ തുടര്‍ച്ച എന്ന രീതിയിലുള്ള അനുമതിയാണു കോവാക്സീന് നല്‍കിയിരിക്കുന്നത്.
ബ്രസീല്‍ പൗരന്മാര് സ്വകാര്യ ആരോഗ്യ സംവിധാനം ഉപയോഗിക്കുന്നത് ഉറപ്പുവരുത്തുന്നതിനാണ് എബിസിവിഎസി ഭാരത് ബയോടെക്കുമായുള്ള കരാറിനെക്കുറിച്ച് തുറന്നുപറഞ്ഞത്. സര്‍ക്കാരിന്റെ വാക്സീന് വിതരണത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമുള്ളവര്‍ക്കും മുന്‍ഗണന നല്‍കുന്നതിന്റെ പശചാത്തലത്തിലാണ് സ്വകാര്യ ക്ലിനിക്കുകളുടെ നീക്കം. ‘വാക്സീന് സ്വകാര്യ വിപണിയില്‍ ലഭ്യമാക്കുന്നതിന്റെ സാധ്യതകളെപ്പറ്റി ഞങ്ങള്‍ പഠിക്കുകയായിരുന്നു. അങ്ങനെയാണ് വിജയസാധ്യതയുള്ള ഇന്ത്യന്‍ വാക്സീന് ഉപയോഗിക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് എബിസിവിഎസി പ്രസിഡന്റ് ജെറാള്‍ഡോ ബാര്‍ബോസ പറഞ്ഞു.
തങ്ങളുടെ വാക്സീന് ഓര്‍ഡര്‍ സര്‍ക്കാരിന്റെ വാക്സീന് വിതരണത്തെ ബാധിക്കില്ലെന്നും അധികമായുള്ള ഓര്‍ഡറാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ബാധിതരായി മരിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. വാക്സീന് വിതരണത്തെച്ചൊല്ലി രാജ്യത്തു വിവാദങ്ങളുണ്ടായിരുന്നു.