കഴിക്കുന്ന ആഹാരം ശരിയായി ദഹിക്കാത്തതുകൊണ്ടും ദന്തരോഗം, മോണവീക്കം തുടങ്ങിയ കാരണങ്ങള്‍കൊണ്ടും ഉച്വാസവായുവിന് ഉണ്ടാകുന്ന ദുര്‍ഗന്ധത്തെയാണ് വായ്നാറ്റം എന്നു പറയുന്നത്. ശരീരത്തിന് വേണ്ട അളവില്‍ വെള്ളം കുടിക്കാത്തതുകൊണ്ടുള്ള നിര്‍ജലീകരണവും ശോധനക്കുറവും വായ്നാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്. ജലദോഷം, കഫക്കെട്ട്, ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ മൂലവും വായ്നാറ്റം ഉണ്ടാകാറുണ്ട്. വായ്നാറ്റം നിയന്ത്രിക്കാന്‍ ചില ഗൃഹചികിത്സകള്‍ ഇവയാണ്.
വായിലെ വരള്‍ച്ച നിയന്ത്രിക്കാന്‍ ധാരാളം വെള്ളം കുടിക്കണം.
വിറ്റാമിന്‍ സി അടങ്ങിയതും നാരുകള്‍ ധാരാളമടങ്ങിയതുമായ ഓറഞ്ച്, ആപ്പിള്‍, നെല്ലിക്ക, പേരയ്ക്ക മുതലായ പഴങ്ങള്‍ കഴിക്കുക.
കാരറ്റ് , തക്കാളി, കക്കരി, വെള്ളരിക്ക എന്നിവയില്‍ കുരുമുളകും ഉപ്പും ചേര്‍ത്ത സാലഡ് കഴിക്കുക.
കരിങ്ങാലി, കരിവേലപ്പട്ട, ജാതിക്ക, ഏലയ്ക്ക, കുരുമുളക് എന്നിവ പൊടിച്ച് അതുകൊണ്ട് പല്ലുതേക്കുക.
ആര്യവേപ്പ്, മാവില, ഉമിക്കരി എന്നിവ കൊണ്ട് പല്ല് തേക്കുന്നതും നല്ലതാണ്.
ഉപ്പിട്ട ചെറുചൂടുവെള്ളം കവിള് കൊള്ളുന്നത് വായിലെ മാലിന്യങ്ങളെ നീക്കാന്‍ സഹായിക്കും.
തേന്‍ കവിള് കൊള്ളുന്നത് വായിലെ വ്രണങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ഇരട്ടിമധുരം, മഞ്ഞള്‍, നന്നാറി എന്നിവയിട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊള്ളുക.
ഭക്ഷണശേഷം തുളസിയില, മല്ലിയില, പുതിനയില എന്നിവ ചവയ്ക്കുന്നത് വായിലെ ദുര്‍ഗന്ധം തടയാന്‍ സഹായിക്കും. ഇവ ഇട്ടു തിളപ്പിച്ച് വെള്ളം പലവട്ടം കുടിക്കുന്നതും നല്ലതാണ്.
ചെറുനാരങ്ങ നീര് വെള്ളം ചേര്‍ത്ത് ഉപ്പിട്ട് കുടിക്കാം.
പെരുംജീരകം, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്ബൂ, അയമോദകം എന്നിവ ഭക്ഷണശേഷം ചവയ്ക്കുന്നത് നല്ലതാണ്.
ചുവന്നുള്ളി, വെളുത്തുള്ളി, സവാള പോലുള്ളവ ഭക്ഷണത്തില്‍ കുറയ്ക്കുക.
മദ്യപാനം, പുകവലി, പാന്‍മസാല തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കുക.