in , , , , , , , , ,

വിഷാദത്തെ ചികിത്സിക്കാം, വിഷാദം തന്നെയും കീഴടക്കിയിട്ടുണ്ടെന്ന് വിരാട് കൊഹ്ലി

Share this story

2014-ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ താന്‍ വിഷാദത്തിന് അടിമപ്പെട്ടുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്‍ താനാണെന്ന് തോന്നിയിരുന്നതായി കോഹ്ലി വെളിപ്പെടുത്തി. ആ അവസ്ഥയെ എങ്ങനെ മറികടക്കാമെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. ഇത്തരം ഘട്ടങ്ങള്‍ മറികടക്കാന്‍ പ്രഫഷണലുകളുടെ സഹായം കിട്ടേണ്ടതുണ്ടെന്നും കോഹ്ലി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ലോകമെമ്പാടും വൈകല്യവും, അനാരോഗ്യവുമുണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ് വിഷാദരോഗം. വിഷാദം എങ്ങനെയാണ് രോഗമാവുന്നത് എന്ന ചോദ്യമുണ്ടാവാം. ശരിയാണ്. എല്ലാ വിഷാദവും രോഗമല്ല. എന്നാല്‍ അങ്ങനെയൊരു രോഗം ഉണ്ടെന്ന് മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. പ്രഷറുണ്ട്, ഷുഗറുണ്ട് , മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ ഉറക്കെ പറയുന്നവരാരും വിഷാദരോഗം ഉണ്ടെന്നോ ഉണ്ടായിരുന്നെന്നോ പറയാറില്ല. ശാരീരികരോഗങ്ങള്‍ക്കുള്ള സ്വീകാര്യത ഇന്നും മനോരോഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഈ അവസ്ഥ മാറ്റാന്‍ ഓരോരുത്തരും ശ്രമിക്കണം. രോഗം രോഗിയുടെ കുറ്റമല്ല എന്നും മനസ്സിലാക്കണം.

അകാരണവും, നീണ്ടു നില്‍ക്കുന്നതുമായ വിഷാദമാണ് വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണം. മാനദണ്ഡങ്ങളനുസരിച്ച് കൃത്യമായി പറഞ്ഞാല്‍ രണ്ടാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന അകാരണമായ വിഷാദം. ഇതിനോടൊപ്പം തന്നെ പതിവു കാര്യങ്ങളിലുള്ള താല്‍പര്യക്കുറവ്, അകാരണമായ ക്ഷീണം തുടങ്ങിയവയും പ്രധാന ലക്ഷണങ്ങളാണ്. താഴെ പറയുന്നവയാണ് മറ്റു ലക്ഷണങ്ങള്‍

ഉറക്കക്കുറവ്:ഇടക്കിടെ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരുക, ഉറങ്ങാന്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടാവുക, പതിവിലും നേരത്തെ ഉണരുക എന്നിവ. വിശപ്പില്ലായ്മയും, അകാരണമായി ഭാരം കുറയലും.

ഏകാഗ്രതയില്ലായ്മ ജോലിയോടും മുന്‍പ് ആസ്വദിച്ചിരുന്ന കാര്യങ്ങളോടും ഉള്ള താത്പര്യക്കുറവ്
എത്ര സന്തോഷകരമായ അവസ്ഥയില്‍ പോലും സന്തോഷമില്ലാതിരിക്കല്‍, വികാരങ്ങള്‍ മരവിച്ച പോലെയുള്ള തോന്നല്‍

ലൈംഗികതയോടുള്ള വിരക്തി, മരണത്തെക്കുറിച്ചും, ആത്മഹത്യയെ കുറിച്ചും ചിന്തിക്കുക. എങ്ങനെയെങ്കിലും മരിച്ചു കിട്ടിയാല്‍ മതി എന്നതു മുതല്‍ ആത്മഹത്യ ആസൂത്രണം ചെയ്യുന്നതു വരെ ഉണ്ടാവാം

അകാരണമായ കുറ്റബോധം, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നശിക്കല്‍,ആരുമില്ല എന്ന തോന്നല്‍, സ്വയം മതിപ്പില്ലായ്മ, താന്‍ ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍,

തീവ്രമായ വിഷാദമുള്ളവരില്‍ ചിലപ്പോള്‍ അകാരണമായ ഭയം, സംശയം, ചെവിയില്‍ പല വിധത്തിലുള്ള സംസാരങ്ങളും, ശബ്ദങ്ങളും കേള്‍ക്കല്‍ എന്നിവയും ഉണ്ടാകാം

ഇതില്‍ രണ്ടാഴ്ച്ചയില്‍ കൂടുതലുള്ള വിഷാദമാണ് ഏറ്റവും പ്രധാനമായ ലക്ഷണം. മറ്റുള്ള ലക്ഷണങ്ങള്‍ ഏതെങ്കിലും കണ്ടാലുടന്‍ ചികിത്സ വേണമെന്നൊന്നുമല്ല പറഞ്ഞു വരുന്നത്. സംശയം തോന്നിയാല്‍ ഡോക്ടറെ കണ്ട് അഭിപ്രായം തേടണം എന്നാണ്. പ്രായമായവരില്‍ വരുന്ന വിഷാദ രോഗവും പ്രസവശേഷം ഉണ്ടാകാവുന്ന വിഷാദ രോഗവും പ്രത്യേകം ശ്രദ്ധിക്കണം. പ്രസവശേഷം ഉണ്ടാകാവുന്ന വിഷാദരോഗം മൂലം കുഞ്ഞിനെ കൊല്ലാന്‍ വരെ ശ്രമിക്കുന്നവരുണ്ട്.

വായ്നാറ്റത്തിന് കാരണങ്ങളും, പരിഹരങ്ങളും

ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധിക്കപ്പെട്ട നടന്‍ ശ്രീനിവാസനെ രക്ഷിച്ച ഇ.ഇ.സി.പി തെറാപ്പിയെ കുറിച്ചറിയാം