തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ ആധുനീകരണത്തോടെ സംസ്ഥാനത്തെ ലഹരി മാഫിയയ്ക്കെതിരേ ശക്തമായ നടപടി സാധ്യമായതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. അംഗബലവും വനിതാ പ്രാതിനിധ്യവും കൂട്ടി വകുപ്പിനെ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞതു സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ആര്യനാട് എക്സൈസ് റേഞ്ച് ഓഫിസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവര്‍ജ്ജന ക്യാമ്പയിനിന് നേതൃത്വം നല്കാന് സര്‍ക്കാരിനു കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലും ഡീ-അഡിക്ഷന് സെന്ററുകള്‍ ആരംഭിച്ച ശേഷം 38,000 പേര് ഈ സെന്ററുകളില്‍ ചികിത്സ തേടിയത് വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത അധ്യക്ഷത വഹിച്ചു. 2007 ലാണ് ആര്യനാട് എക്സൈസ് ഓഫീസ് ആരംഭിച്ചത്. വാടകക്കെട്ടിടത്തില്‍ ആയിരുന്ന ഓഫിസിന് ഉഴമലയ്ക്കല്‍ പഞ്ചായത്തിന്റ ഉടമസ്ഥതയിലുണ്ടായിരുന്ന 13 സെന്റ് സ്ഥലം ലഭിച്ചതോടെയാണു പുതിയ ഓഫിസ് മന്ദിരം സജ്ജമയാത്. 75 ലക്ഷം രൂപ ചെലവില്‍ 1500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണു പുതിയ മന്ദിരം. ഉദ്ഘാടന ചടങ്ങില്‍ എക്സൈസ് കമ്മിഷണര്‍ എസ്. അനന്ദകൃഷ്ണന്, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഡി. രാജീവ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എ. റഹിം, മറ്റു ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, എക്സൈസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.