നല്ല ശാരീരിക-മാനസിക ആരോഗ്യത്തിന് മസ്തിഷ്ക ആരോഗ്യവുമായും ബന്ധമുണ്ട്. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെല്ലാം മസ്തിഷ്ക ആരോഗ്യത്തിന് അപകടഘടകങ്ങളാണ്. ബ്രെയിന്‍ ഫോഗ് എന്ന രോഗാവസ്ഥ ശാരീരിക-മാനസിക- വൈകാരിക ആരോഗ്യത്തെ ബാധിക്കും.
എന്താണ് ബ്രെയിന്‍ ഫോഗ്
കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ ഒരു മെഡിക്കല്‍ അവസ്ഥയാണ് ബ്രെയിന്‍ ഫോഗ്. ഇത് നമ്മുടെ കൊഗ്നിറ്റീവ് കഴിവുകളെ തടസ്സപ്പെടുത്തും. മാനസികമായ ക്ഷീണം, ആശയക്കുഴപ്പം എന്നിവയൊക്കെയാണ് ഇതുമൂലമുണ്ടാവുക. ഇതുമാത്രമല്ല, ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, ഏകാഗ്രത, ഓര്മപ്രശ്നങ്ങള്, വ്യക്തമല്ലാത്ത ചിന്തകള്‍ എന്നിവയ്ക്കും ബ്രെയിന്‍ ഫോഗ് ഇടയാക്കും.
ബ്രെയിന്‍ ഫോഗിന് പല കാരണങ്ങളുണ്ട്.
ഉറക്കമില്ലായ്മ: ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇത് ആ വ്യക്തിയുടെ കൊഗ്നിറ്റീവ് കഴിവുകളെ തളര്‍ത്തും. ഏകാഗ്രതയ്ക്കുള്ള കഴിവ് ഇല്ലാതാക്കും. എട്ടു മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്.
സ്ട്രെസ്സും ഉത്കണ്ഠയും:
സ്ഥിരമായ സ്ട്രെസ്സും ഉത്കണ്ഠയും ഉണ്ടാകുന്നത് മാനസിക ആരോഗ്യത്തെയും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും ബാധിക്കും. ഇത് മാനസിക അപചയത്തിന് കാരണമാവുകയും അങ്ങനെ ബ്രെയിന്‍ ഫോഗിന് വഴിയൊരുക്കുകയും ചെയ്യുന്നു.
കൃത്യമല്ലാത്ത ഡയറ്റ്:
മസ്തിഷ്ക ആരോഗ്യവും ഡയറ്റും തമ്മില്‍ വലിയ ബന്ധമുണ്ട്. നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ മസ്തിഷ്കത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നത്. അതിനാല്‍ തന്നെ ആവശ്യത്തിന് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഡയറ്റാണ് പാലിക്കേണ്ടത്. വിറ്റാമിന്‍ ബി12 സമ്പുഷ്ടമായ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മസ്തിഷ്ക ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഹോര്‍മോണ്‍ മാറ്റങ്ങള്‍:
ചില ഹോര്‍മോണുകളുടെ അളവ് പരിധിയിലും കൂടുന്നത് ബ്രെയിന്‍ ഫോഗിന് ഇഠയാക്കും. ഇത് ഹ്രസ്വകാല കൊഗ്നിറ്റീവ് തകരാറുകള്‍ക്കും ഓര്‍മയെയും ബാധിക്കും. ഇതുപോലെ തന്നെ ഹോര്‍മോണ്‍ നില താഴുന്നത് മറവി പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും. ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ ഈസ്ട്രജന് ഹോര്‍മോണ്‍ അളവ് കുറയുന്നത് മസ്തിഷ്ക ആരോഗ്യത്തെ ബാധിക്കും.
മറ്റ് രോഗങ്ങള്‍:
നിലവിലുള്ള മറ്റ് രോഗങ്ങള്‍ മാനസികമായ തളര്‍ച്ചയ്ക്ക് കാരണമാകാം. അണുബാധ മുതല്‍ രക്തത്തിലെ ഗ്ലൂക്കോസ് നിലയിലെ വ്യതിയാനങ്ങള്‍ വരെ ഇതിന് കാരണമാകും. ഇത്തരത്തിലുള്ള രോഗാവസ്ഥകള്‍ ബ്രെയിന്‍ ഫോഗിന് ഇടയാക്കും. പ്രമേഹം, അനീമിയ, വിഷാദം, ഹൈപ്പോതൈറോയ്ഡിസം എന്നിവ ബ്രെയിന്‍ ഫോഗിനുള്ള സാധ്യത വര്‍ധിപ്പിക്കും.
ബ്രെയിന്‍ ഫോഗും കോവിഡും
കോവിഡ് 19 ലോകജനതയുടെ ജീവിതവും ആരോഗ്യവും നശിപ്പിച്ചിരിക്കുകയാണ്. ഇത് മസ്തിഷ്കത്തിനും ഗുരുതരമായ തകരാറുകള്‍ക്ക് ഇടയാക്കും.
medRxiv അടുത്തിടെ പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് കോവിഡ് രോഗികളില്‍ 58 ശതമാനം പേര്‍ക്കും ബ്രെയിന്‍ ഫോഗ് അല്ലെങ്കില്‍ മാനസികമായി ആശയക്കുഴപ്പം ഉണ്ടായിരുന്നുവെന്നാണ്. ഇത് കോവിഡ് 19 ന്റെ ലക്ഷണങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നുവെന്നുമാണ്. കോവിഡ് ബാധിച്ച് പിന്നീട് സുഖപ്പെട്ട ആളുകളില്‍ രോഗം ബാധിക്കുന്നതിന് മുന്‍പ് ഇല്ലാത്ത ആശയക്കുഴപ്പം, ഹ്രസ്വകാല ഓര്‍മക്കുറവ്, ഏകാഗ്രതയില്ലായ്മ, അസ്വസ്ഥത എന്നിവ റിപ്പാര്‍ട്ട് ചെയ്തിരുന്നു.