കോവിഡ് ചികിത്സക്ക് ഫലപ്രദം എന്നപേരില്‍ ലഭ്യമാക്കിയ മരുന്നുകള്‍ ആയിരക്കണക്കിന് ഡോസ് മെഡിക്കല്‍ കോളജില്‍ കെട്ടിക്കിടക്കുന്നു. കോവിഡിന്റെ ആദ്യകാലത്ത് രോഗികളുടെ ജീവന്‍രക്ഷാ മരുന്നെന്ന പേരില്‍ വ്യാപകമായി എത്തിച്ച റെംെഡസിവിര്‍ ആണ് ഉപയോഗിക്കാതെ കിടക്കുന്നത്. ഹെപ്പറ്റൈറ്റിസ് സിക്ക് വേണ്ടി കണ്ടെത്തിയ മരുന്ന് കോവിഡ് ചികിത്സക്ക് ഫലപ്രദമാണെന്നുകണ്ട് കേന്ദ്രസര്‍ക്കാര്‍ ഉല്പാദനം വര്‍ധിപ്പിച്ചിരുന്നു. കയറ്റുമതി നിരോധിക്കുകയും വന്‍വിലയുള്ള മരുന്ന് വിലനിയന്ത്രണ പട്ടികയില്ഉള്പ്പെടുത്തുകയും ചെയ്തിരുന്നു. വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട ശേഷവും ഒരു വയല്‍ മരുന്നിന് 2000 രൂപയോളം ചെലവ്വരുന്നുണ്ട്.
കോവിഡ് രോഗികള്‍ക്ക് ഉപയോഗിച്ചാല്‍ രോഗം വേഗത്തില്‍ മാറുമെന്നായിരുന്നു ആദ്യകാലങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ഓക്സിജന്‍ പിന്തുണവേണ്ട രോഗികള്‍ക്ക് മാത്രമായി മരുന്ന് നല്കല് ചുരുക്കി. രോഗത്തിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും കാണാതായതോടെ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് മരുന്ന് നിര്ദേശിക്കാതായി. ഇതോടെ ആശുപത്രികളില്‍ മരുന്ന് കെട്ടിക്കിടക്കുകയാണ്. നേരത്തെ മരുന്നില്ലെന്ന പരാതി വ്യാപകമായപ്പോഴായിരുന്നു മരുന്ന് കൂടുതല്‍ എത്തിച്ചുതുടങ്ങിയത്. റെംെഡസിവിര്‍ പോലെ കോവിഡ് ചികിത്സക്ക് ഫലപ്രദമെന്നപേരില് പുതുതായി ഇറങ്ങിയ കാസിറിവിമാ ബ്-ഇംഡെവിമാബ് കോമ്പിനേഷന്‍ (ആന്റിബോഡി കോക്ടെയ്ല്‍ ഡ്രഗ്) ആന്റി വൈറല്‍ മരുന്നും മെഡിക്കല്‍ കോളജില്‍ കെട്ടിക്കിടക്കുകയാണ്. ഇടത്തരം രോഗലക്ഷണങ്ങളുള്ള രോഗികള്‍ക്ക് ഫലപ്രദമാണെന്ന് പറഞ്ഞാണ് മരുന്നിറക്കിയത്. 2400 മില്ലിഗ്രാം മരുന്നാണ് ഒരു വയല്‍. ഇത് രണ്ടു രോഗികള്‍ക്ക് നല്‍കാം. 1,19,500 രൂപയാണ് ഒരു വയലിന് വില. ഈ മരുന്നും ഉപയോഗിക്കുന്നില്ല. അതേസമയം, ആസ്ത്മ, ശ്വാസംമുട്ടല്‍ എന്നിവക്ക് ഉപയോഗിക്കുന്ന ഡെറിഫിലിന്‍ ഇഞ്ചക്ഷന്, അണുബാധക്കെതിരെ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് കുത്തിവെപ്പായ പിപ്റ്റാസ് 4.5 ജി.എം എന്നിവക്ക് രൂക്ഷമായ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ബ്ലാക്ക് ഫംഗസ് രോഗികള്‍ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്‍, ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്നീ മരുന്നുകളും രോഗികളുടെ ആവശ്യത്തിന് അനുസരിച്ച് ലഭ്യമാകുന്നില്ല.