നമ്മുടെ സമൂഹത്തിലെ നൂറുപേരില്‍ ഒരാള്‍ സ്‌കിസോഫ്രീനിയയെന്ന രോഗത്തിന്റെ പിടിയിലാണെന്നാണു കണക്കുകള്‍. രോഗിയെ സ്വാഭാവികജീവിതത്തിലേക്കു തിരികക്കൊണ്ടുവരാന്‍ ഏറെ ശ്രമം വേണം അത്തരം ശ്രമങ്ങള്‍ സജീവമാക്കാനാണു മേയ് 24 ന് സ്‌കിഫ്രീനിയ ബോധവല്‍ക്കരണ ദിനം ആചരിക്കുന്നത്.
ഒരു സമൂഹത്തില്‍ നൂറില്‍ ഒരാള്‍ക്ക് ഈ രോഗം ഉണ്ടായേക്കാം. പേടിയും സംശയവുമാണ് പ്രധാന ലക്ഷണം. മറ്റുള്ളവര്‍ ഉപദ്രവിക്കാന്‍ വരുന്നു, കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന ഭയമായിരിക്കും ഇവരില്‍ പലര്‍ക്കും. ഗുരുതരമായ മാനസിക രോഗമാണ് സ്‌കിസോഫ്രീനിയ. വ്യക്തിയുടെ ചിന്തം,വികാരം, പെരുമാറ്റം എന്നിവയെയെല്ലാം ബാധിക്കും. യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ. മറ്റ് മാനസിക രോഗങ്ങള്‍ പോലെ സാധാരണ കാണപ്പെടുന്നതല്ല ഇത്. 16 നും 30 ഇടയിലുള്ള പ്രായത്തിലാണ് സ്‌കിസോഫ്രീനിയ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അപൂര്‍വ്വമായി കുട്ടികളിലും രോഗം കാണാറുണ്ട്. വിഷാദം, ആശങ്ക എന്നിവ ഉണ്ടാകും. ആത്മഹത്യ പ്രവണതയും കാണാറുണ്ട്. ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക. നീ കൊള്ളരുതാത്ത ആളാണ്, മരിച്ചു കളയൂ എന്നൊക്കെ സംസാരിക്കുന്നത് പോലെ തോന്നുക. ചിലര്‍ തനിച്ച് സംസാരിക്കുന്നത് പലപ്പോഴും ഇതിനോടുള്ള പ്രതികരണമാവും. ചിന്തകള്‍ മറ്റുള്ളവര്‍ അറിയുന്നു, മറ്റുള്ളവരുടെ ചിന്ത തന്നിലേക്ക് കടത്തി വിടുന്നുവെന്ന് തോന്നുക എന്നിവയും ഉണ്ടായേക്കാം.
ആന്റിസൈക്കോട്ടിക്സ് മരുന്നുകളാണ് സ്‌കിസോഫ്രീനിയ രോഗിക്ക് നല്‍കുന്നത്. ഈ മരുന്നുകള്‍ ചിലര്‍ക്ക് അസ്വസ്ഥതകളുണ്ടാക്കാറുണ്ട്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അസ്വസ്ഥത മാറാറുണ്ട്. മരുന്നുകള്‍ മാത്രമല്ല തെറാപ്പികളും നല്‍കാറുണ്ട്. തലച്ചോറിലെ തകരാര്‍ പരിഹരിക്കുന്ന ഇലക്ടോകണ്‍വല്‍സീവ് തെറാപ്പിയാണ് നല്‍കുക. ചെറിയ അളവില്‍ വൈദ്യുതി കടത്തിവിടുന്ന ചികിത്സാ രീതിയാണ് ഇലക്ടോകണ്‍വല്‍സീവ് തെറാപ്പി. ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ കഴിയുന്ന രോഗമാണിത്. മരുന്ന് കഴിക്കാന്‍ ആളുകള്‍ മടിക്കുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.