മറ്റെന്തിനേക്കാലും ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കേണ്ട പ്രായമാണ് സ്ത്രീകളുടെ നാല്‍പ്പതുകള്‍. രോഗങ്ങളൊക്കെ ചെറുതായി തലപൊക്കി തുടങ്ങുന്ന കാലമാണ്. ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ തന്നെ ദിവസം ആരംഭിക്കണം. രാവിലെയുളള ഓട്ടപാച്ചിലിനിടയില്‍ പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നവര്‍ നിരവധി പേരുണ്ട്. ഇത് ഒട്ടും ആശാസ്യമല്ല.
വ്യായാമം പതിവാക്കുക
തിരക്കുകള്‍ ഉണ്ടെങ്കിലും നിത്യവുമുളള വ്യായാമത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച അരുത്. കുറഞ്ഞത് അര മണിക്കൂറെങ്കിലും പ്രതിദിനം വ്യായാമം ചെയ്യണം.
കരുത്തുറ്റതാകണം എല്ലുകള്‍
നാല്‍പതുകള്‍ക്ക് ശേഷം സ്ത്രീകളുടെ എല്ലുകളുടെ സാന്ദ്രത കുറഞ്ഞു തുടങ്ങും. ഇതിനാല്‍ കാല്‍സ്യവും വൈറ്റമിന്‍ ഡിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ സപ്ലിമെന്റുകളായി കഴിക്കുകയോ വേണം. ഹൈപ്പര്‍ടെന്‍ഷന്‍, ടൈപ്പ്-2 പ്രമേഹം, പക്ഷാഘാതം, ഹ്യദ്രോഗം എന്നിവയുടെ സാധ്യതകള്‍ പരിശോധിക്കാനായി രക്തത്തിലെ പഞ്ചസാരയും ലിപിഡ് പ്രൊഫൈലും തൈറോയ്ഡും ബിപിയും ശരീരഭാരവും ഇടയ്ക്ക് പരിശോധിക്കണം.
മാമോഗ്രാം,പാപ് സ്മിയര്‍ പരിശോധനകള്‍
സ്ത്രീകളില്‍ ഏറ്റവുമധികം കണ്ട് വരുന്ന രണ്ട് അര്‍ബുദങ്ങളാണ് സ്തനാര്‍ബുദവും സെര്‍വിക്കല്‍ അര്‍ബുദവും. പലപ്പോഴും വളരെ വൈകിയാണ് പലരും ഇത് തിരിച്ചറിയുക ഇത്തരം സാധ്യതകള്‍ ഒഴിവാക്കാനായി നാല്‍പതുകള്‍ കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പാപ്‌സ്മിയര്‍ പരിശോധനയും നടത്തേണ്ടതാണ്.
കാല്‍സ്യം പരിശോധന
ഹൃദയത്തിലെ രക്തധമനികള്‍ക്ക് കട്ടി കൂടുന്നുണ്ടോ എന്നറിയാന്‍ കാല്‍സ്യം പരിശോധനയും സ്ത്രീകള്‍ 40 കഴിഞ്ഞാല്‍ നടത്തേണ്ടതാണ്. ഇടയ്ക്കിടെ നേത്ര പരിശോധനയും നടത്താം. ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാഴ്ച നഷ്ടം ഒരു പരിധി വരെ കുറയ്ക്കും.
ശരീരത്തിന്റെ ഫ്‌ളെക്‌സിബിലിറ്റിയും ദൃഢതയും ബാലന്‍സും മെച്ചപ്പെടുത്താന്‍ യോഗ പോലുള്ള വ്യായാമങ്ങളും ചെയ്യാവുന്നതാണ്. നാല്‍പതുകള്‍ കഴിഞ്ഞാല്‍ ചയാപചയത്തിന് വേഗം കുറയുമെന്നതിനാല്‍ മുന്‍പുള്ളതിനേക്കാള്‍ കുറച്ച് കാലറി കഴിക്കാന്‍ ശ്രദ്ധിക്കണം.