ഏറെ ഭയാശങ്കകള്‍ നിറച്ചാണ് വെസ്റ്റ് നൈല്‍ പനി വാര്‍ത്തകളില്‍ നിറയുന്നത്. ഇതു വളരെ സങ്കീര്‍ണ്ണമായി നാഡിവ്യൂഹത്തെ ബാധിക്കുന്ന രോഗമായി മാറാം. ഹെമറാജിക് ഫീവര്‍ വിഭാഗത്തിലാണിത് ഉള്‍പ്പെടുന്നത്. പക്ഷിയും കൊതുകും ഉള്‍പ്പെടുന്നതാണ് ഈ പനിയുടെ സംക്രമണ വഴി. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. ഈ കൊതുകുകളുടെ കടിയിലൂടെ വെസ്റ്റ് നൈല്‍ വൈറസ് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ രോഗബാധയുണ്ടാകുന്നു. രോഗികളുടെ നാഡി വ്യൂഹത്തേയും തലച്ചോറിനേയും രോഗം ബാധിക്കുന്നു.
80 ശതമാനത്തോളം ആളുകളില്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് വരാം. വൈറസ് ബാധിതരായ 20 ശതമാനത്തോളം പേരെ വെസ്റ്റ് നൈല്‍ പനി ബാധിക്കുന്നു. പനി, തലവേദന, ക്ഷീണം, ശരീരവേദന, മനം പുരട്ടല്‍, ഛര്‍ദ്ദി, ചര്‍മ്മത്തില്‍ പാടുകള്‍, ലിംഫ് ഗ്രന്ഥികളുടെ നീര്‍വീക്കം എന്നിവ ലക്ഷണളില്‍ ഉള്‍പ്പെടുന്നു. സാധാരണ പനിയുടെ ലക്ഷണങ്ങളുമായി ആരംഭിക്കുന്ന വെസ്റ്റ് നൈല്‍ പനി തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഗുരുതരമാകുന്നത്. അങ്ങനെ എന്‍സെഫലൈറ്റിസോ മെനിഞ്‌ജൈറ്റിസോ ആയി മാറുന്ന രോഗാവസ്ഥയില്‍ തലവേദന, കടുത്ത പനി, കഴുത്തിലെ പേശിവലിവ്, സ്ഥലകാലബോധമില്ലായ്മ, മയക്കം, കോമ, വിറയില്‍, കോട്ടല്‍, പേശിദൗര്‍ബല്യം, തളര്‍ച്ച എന്നിവ വരാം. ഗുരുതരാവസ്ഥയില്‍ എത്തുന്നതിനു മുന്‍പേ ലക്ഷണങ്ങളിലെ വ്യതിയാനങ്ങള്‍ തിരിച്ചറിഞ്ഞ് ഡോക്ടറെ കാണണം. രക്തപരിശോധന-ആന്റിബോഡി പരിശോധനയാണു പ്രധാനം. അഡ്മിറ്റ് ആക്കി ഇന്‍ട്രാവീനസ് ഫ്‌ലൂയിഡ് നല്‍കുക, റെസ്പറേറ്ററി സപ്പോര്‍ട്ട് നല്‍കുക, തുടര്‍ന്നുണ്ടാകാനിടയുളള അണുബാധയെ തടയുക എന്നിവയാണു ചികിത്സ ലക്ഷ്യമാക്കുന്നത്.