ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെടുത്തിയാണ് പതിറ്റാണ്ടുകള്‍ക്കുശേഷം മലയാളി പൊതുസമൂഹത്തില്‍ വീണ്ടും റെട്രോഗ്രേഡ് അംനേഷ്യയെക്കുറിച്ച് കേള്‍ക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് കെ എം ബഷീറെന്ന മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തിനുശേഷം ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യയാണെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. അപകടത്തെക്കുറിച്ച് ശ്രീറാമിന് ഓര്‍മയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. വീണ്ടും ചര്‍ച്ചകളില്‍ നിറയുന്ന റെട്രോഗ്രേഡ് അംനേഷ്യയെക്കുറിച്ച് അറിയാം
ഏതെങ്കിലും വലിയ ആഘാതത്തിനോ അപകടത്തിനോ ശേഷം ഓര്‍മ്മകള്‍ സംഭരിക്കാനും വീണ്ടെടുക്കാനുമുള്ള കഴിവിനെ ബാധിക്കുന്ന ഒരുതരം ഓര്‍മ്മ നഷ്ടത്തെയാണ് റെട്രോഗ്രേഡ് അംനേഷ്യ എന്ന് പറയുന്നത്. ഏത് കാലയളവ് വരെയുള്ള ഓര്‍മകളാണ് നഷ്ടപ്പെട്ടതെന്നത് ഓരോ രോഗികളിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് പരുക്കിന് മുന്‍പ് താന്‍ ആരായിരുന്നെന്ന് പോലും ഓര്‍മയില്ലാത്ത വിധത്തില്‍ ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മകളെല്ലാം നഷ്ടമാകാം. ചിലര്‍ക്ക് അപകടത്തിന് മുന്‍പുള്ള ചെറിയ കാലത്തെ ഓര്‍മകള്‍ മാത്രം നഷ്ടപ്പെടുന്ന അവസ്ഥയുമാകാം.
മസ്തിഷ്കത്തിലെ ഓര്‍മകള്‍ സംഭരിക്കുന്ന ഭാഗത്ത് ഏല്ക്കുന്ന കനത്ത ആഘാതം കൊണ്ട് ഓര്‍മകള്‍ നഷ്ടപ്പെടാം. ഈ ഭാഗത്ത് പരുക്കേല്‍ക്കുകയോ ജീര്‍ണിക്കുകയോ സ്ട്രോക്ക് വരികയോ ചെയ്യുമ്പോള്‍ ഓര്‍മകള്‍ ഇത്തരത്തില്‍ നഷ്ടമാകാം. ഇവ പലപ്പോഴും സ്കാനിംഗിലൂടെ തിരിച്ചറിയപ്പെടണമെന്നില്ല.
ശരീരത്തിനുണ്ടാകുന്ന പരുക്കുകള്‍ പോലെ മനസിനേല്‍ക്കുന്ന കനത്ത ആഘാതം കൊണ്ടും ഓര്‍മകള്‍ നഷ്ടമാകാം. തീവ്രമായ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി മനസ് കണ്ടെത്തുന്ന മാര്‍ഗവുമാകാം ഈ ഓര്മ നഷ്ടമാകല്‍. ഇത് ബോധമനസ് അറിഞ്ഞുകൊണ്ടല്ല.
മയക്കുമരുന്നുകളുടെയോ മദ്യത്തിന്റെയോ ആധിക്യം കൊണ്ട് പലര്‍ക്കും താല്‍ക്കാലികമായി മെമ്മറി ബ്ലാക്ക് ഔട്ടുണ്ടായേക്കാം. ഇത് ഭൂരിഭാഗം കേസുകളിലും താല്‍ക്കാലികമായിരിക്കും