ഗ്രീന്‍ടീയുടെ ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. ഇപ്പോള്‍ പ്രചാരം നേടുന്ന മറ്റൊരു ചായയാണ് ജാസ്മിന്‍ ടീ എന്ന മുല്ലപ്പൂ ചായ. എന്താണ് ഗ്രീന്‍ ടീയും ജാസ്മിന്‍ ടീയും തമ്മിലുള്ള വ്യത്യാസം എന്നറിയേണ്ടേ.
ഗ്രീന്‍ ടീ തേയിലച്ചെടിയില്‍ നിന്നുണ്ടാക്കുന്നതായതിനാല്‍ തന്നെ മിതമായി കഫീന്‍ അടങ്ങിയതാണ്. സാധാരണ കട്ടന്‍ചായ ഉണ്ടാക്കുന്ന തേയിലയും ഇതേ ചെടിയില്‍ നിന്നുണ്ടാകുന്നതാണ്. അവ ഉണങ്ങുന്ന പ്രോസസ് ആണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ഏറ്റവും കുറച്ചു മാത്രം സംസ്‌കരിക്കുന്ന (പ്രോസസ് ചെയ്യുന്ന) ഇലകളാണ് ഗ്രീന്‍ ടീ ഇലകള്‍. മറ്റ് ചായ പോലെ ഇവ ഓക്‌സീകരിക്കപ്പെടുന്നുമില്ല. ഗ്രീന്‍ ടീ ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഏകാഗ്രത വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വായയുടെ ആരോഗ്യത്തിനും ഗ്രീന്‍ ടീ സഹായിക്കും.
എന്താണ് ജാസ്മിന്‍ ടീ
പേരു പോലെ തന്നെ ജാസ്മിന്‍ ടീ ഉണ്ടാക്കാന്‍ മുല്ലപ്പൂക്കള്‍ ആണുപയോഗിക്കുന്നത്. മുല്ലപ്പൂവിന്റെ ഗന്ധം ഗ്രീന്‍ടീക്കും മറ്റ് ചായകള്‍ക്കും നല്‍കുന്നു. ജാസ്മിന്‍ ടീ മുല്ലപ്പൂവുകൊണ്ട് അല്ല ഉണ്ടാക്കുന്നത് എങ്കിലും തേയിലയ്ക്ക് മുല്ലപ്പൂവിന്റെ ഗന്ധം നല്‍കുന്നു.
ഗുണങ്ങള്‍
ജാസ്മിന്‍ ടീയും ഗ്രീന്‍ ടീയും തമ്മില്‍ അധികം വ്യത്യാസങ്ങളൊന്നുമില്ല. മുല്ലപ്പൂവിന്റെ ഗന്ധം ചേര്‍ത്തിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഗുണങ്ങളെല്ലാം ഏതാണ്ട് ഒരേപോലെയാണ്. സ്‌ട്രെസ് അകറ്റാന്‍ ജാസ്മിന്‍ ടീ സഹായിക്കും. എന്നാല്‍ കഫീന്‍ അടങ്ങിയ തേയിലയിലേക്ക് മുല്ലപ്പൂവിന്റെ ഗന്ധം ചേര്‍ക്കുമ്പോള്‍ അതുകൊണ്ട് വലിയ ഗുണങ്ങളൊന്നും ലഭിക്കുന്നില്ല. മിക്ക ജാസ്മിന്‍ ടീയും കഫീന്‍ അടങ്ങിയതാണ്. അതുകൊണ്ടു തന്നെ മുല്ലപ്പൂവിന്റെ ഗുണങ്ങള്‍ ലഭിക്കാതെ പോകുന്നു. അതുകൊണ്ട് കഫീന്‍ അടങ്ങാത്ത ജാസ്മിന്‍ കുടിക്കുകയോ അല്ലെങ്കില്‍ മുല്ലയുടെ ഇലകള്‍ ഉണക്കി ഹെര്‍ബല്‍ ടീ ഉപയോഗിക്കുകയോ ചെയ്യാം. ഓര്‍ഗാനിക് ഗ്രീന്‍ടീയാകട്ടെ സുരക്ഷിതവും ആരോഗ്യകരവുമാണ്.