തിരുവനന്തപുരം ; ട്യൂമര്‍ നീക്കം ചെയ്യുന്നതിനായുളള ലോകത്തെ ഏഴാമത്തേതും അത്യപൂര്‍വ്വമായ ഉദര ശസത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചൂ. അതികഠിനമായ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ 48 കാരിയായ രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്. പരിശോധനയില്‍ ശരാരത്തിന്റെ പിന്‍ഭാഗത്ത് ഇടുപ്പ് ഭാഗത്തെ കവാടമായ സയാറ്റിക് ഫൊറാമനിലൂടെ തള്ളി വരുന്ന മുഴയാണ് രോഗ കാരണമെന്ന് കണ്ടെത്തി. കാലിന്റെ ചലനശേഷിയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഞെരമ്പായ ഷിയാറ്റിക് നെര്വിനോട് ചേര്‍ന്നാണ് മുഴ സ്ഥിതി ചെയ്തിരുന്നത്. ഞെരമ്പിന് കേടു പറ്റാതെ അതീവ ജാഗ്രതയോടെയാണ് സര്‍ജറി നടന്നത്. 8 മണിക്കൂര്‍ സമയമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ലൈപ്പോ സാര്‍ക്കോമാ ഹെര്ണിയേറ്റിങ് ത്രൂ സയാറ്റിക് ഫൊറാമന്‍ എന്ന പേരിലറിയപ്പെടുന്ന ലോകത്തെ 7 മത്തെ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയായിരുന്നു. വയറിന്റെ ഉള്‍ഭാഗവും തുടയുടെ മുകള്‍ഭാഗവും തുറന്നാണ് മുഴ നീക്കംചെയ്തത്്. രോഗി സുഖം പ്രാപിച്ചു വരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍കോളേജ് സര്‍ജറി യൂണിറ്റ് ഒന്ന് വകുപ്പ് മേധാവി ഡോ. അബ്ദുല്‍ ലത്തീഫിന്റെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഡോ. സന്തോഷ് കുമാര്‍, ഡോ. സംഗീത,ഡോ. അശ്വിന്, ഡോ. സജിന്‍,ഡോ. ഇന്ദിര എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയില്‍ പങ്കാളിയായത്. അനസ്തേഷ്യ വിഭാഗത്തില്‍ നിന്ന ഡോ. ദീപ, ഡോ. സന്ധ്യ എന്നിവരും ശസ്ത്രക്രിയയില്‍ സഹായികളായി ഉണ്ടായിരുന്നു. ശസ്ത്രക്രിയയുടെ പ്രാധാന്യം ഉള്‍കൊണ്ട് അന്താരാഷ്ട്ര ജേര്‍ണലുകളില്‍ റിപ്പോര്‍ട്ട്ചെയ്യാനുളള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മെഡിക്കല്‍ കോളജ് അധിക്യതര്‍ വ്യക്തമാക്കി.