in , , , , , , ,

അമിതവണ്ണം കുറയ്ക്കാനുള്ള മിക്ക മരുന്നുകളും ഹൃദയത്തെ ബാധിക്കും: പ്രൊഫ. തപസ് കെ. കുണ്ടു

Share this story

തിരുവനന്തപുരം: അമിതവണ്ണം കുറയ്ക്കാനായി വിപണിയില്‍ ലഭ്യമായ ഒട്ടുമിക്ക മരുന്നുകള്‍ക്കും ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്‍ഡിയോടോക്‌സിസിറ്റി സാധ്യത ഉണ്ടെന്നും ഇക്കാര്യത്തില്‍ മരുന്ന് നിര്‍മ്മാണ മേഖലയുടെ ശ്രദ്ധ പതിയണമെന്നും ബെംഗളൂരു ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ (ജെഎന്‍സിഎഎസ്ആര്‍) ട്രാന്‍സ്‌ക്രിപ്ഷന്‍ ആന്‍ഡ് ഡിസീസ് ലബോറട്ടറി മേധാവി പ്രൊഫ. തപസ് കെ. കുണ്ടു പറഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ‘എപിജെനെറ്റിക്‌സ് ആന്‍ഡ് ഡ്രഗ് ഡിസ്‌കവറി’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജെഎന്‍സിഎഎസ്ആര്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത രണ്ട് തന്‍മാത്രകള്‍ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ മറികടക്കാന്‍ സഹായിക്കുന്നതാണെന്ന് പ്രൊഫ. തപസ് കെ. കുണ്ടു പറഞ്ഞു. പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളില്‍ നിന്ന് വികസിപ്പിച്ചതാണ് ഈ സെമിസിന്തറ്റിക് തന്‍മാത്രകള്‍. ഇതുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനികളുമായി തുടര്‍ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കൊഴുപ്പ് നിറഞ്ഞ കോശങ്ങള്‍ വികസിച്ച് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അഡിപോജെനിസിസ്. ഭ്രൂണവികാസത്തിന്റെ അവസാന ഘട്ടത്തിലും അമിതവണ്ണം ഉളളപ്പോഴും ഇത് ഉണ്ടാകാം. അടുത്ത കാലം വരെ അഡിപൊജെനിസിസ് ഒരു രോഗമായി കണക്കാക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അടുത്തിടെ അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ ഒന്നായി ഇതിനെ പ്രഖ്യാപിച്ചു.

മൗലിക ഗവേഷണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ തപസ് കെ. കുണ്ടു അടിസ്ഥാന ഗവേഷണത്തെ സമൂഹവുമായി എങ്ങനെ ബന്ധിപ്പിക്കാം എന്ന ഉത്തരവാദിത്തം ശാസ്ത്ര-ഗവേഷക സമൂഹത്തിനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ബയോമെഡിക്കല്‍ ഗവേഷണം ഊര്‍ജ്ജസ്വലമാക്കാനും ഈ മേഖലയില്‍ രാജ്യത്തിന് വലിയ സംഭാവന നല്‍കാനും ആര്‍ജിസിബിക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

1995 നവംബര്‍ 18 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ആണ് ആര്‍ജിസിബി കെട്ടിടത്തിന് തറക്കല്ലിട്ടതെന്നും 2002 നവംബര്‍ 18 ന് ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം കേന്ദ്രം രാഷ്ട്രത്തിന് സമര്‍പ്പിച്ചുവെന്നും ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ ചന്ദ്രഭാസ് നാരായണ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

ആര്‍ജിസിബി ഡീന്‍ ഡോ. ടി.ആര്‍. സന്തോഷ്‌കുമാര്‍ സന്നിഹിതനായിരുന്നു. ഡോ. ജാക്ക്‌സണ്‍ ജെയിംസ് ചടങ്ങിന് നന്ദി പറഞ്ഞു. വിദ്യാര്‍ഥികള്‍ വോട്ടിംഗിലൂടെ തെരഞ്ഞെടുത്ത ആര്‍ജിസിബിയിലെ മികച്ച 11 അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.

അഞ്ചാംപനി വ്യാപനം; കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം

പ്രശസ്ത ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ.സന്തോഷ് ജോസഫിന്റെ സേവനം ഇനി കിംസ്‌ഹെല്‍ത്തില്‍