മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് കരള്‍. ഉദരത്തിന്റെ മുകള്‍ ഭാഗത്ത് വലതുവശത്തായിട്ടാണ് ഇതിന്റെ സ്ഥാനം. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരും. കരളിന്റെ പ്രാധാന്യത്തെപ്പറ്റി മലയാളികള്‍ക്ക് പണ്ടേ അറിമായിരുന്നു എന്നുതോന്നുന്നു. ഏറ്റവും പ്രിയപ്പെട്ടവരെ ‘എന്റെ കരളേ’ എന്ന് മിക്കപ്പോഴും മലയാളികള്‍ സംബോധന ചെയ്യാറുണ്ട്. കരളിന് അനേകം ജോലികളുണ്ട്. നമ്മള്‍ കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിക്കുന്നു. പിന്നീട് രക്തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിനു വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത് കരളാണ്. കൂടാതെ പ്രോട്ടീനുകള്‍ വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകള്‍ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലര്‍ന്ന പദാര്‍ത്ഥങ്ങളെയും കരള്‍ നിരുപദ്രവകാരികളാക്കി മാറ്റുന്നു.
ശരീരത്തിന് ആവശ്യമായ തോതില്‍ കൊളസ്ട്രോള്‍ നിര്‍മ്മിക്കുന്നത് കരളിലാണ്. പക്ഷേ, ഈ പദാര്‍ത്ഥം ക്രമാതീതമായി ഉണ്ടാകുമ്പോള്‍ അത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും പ്രശ്നമു ണ്ടാക്കുന്നു. രക്തം കട്ടി പിടിക്കാനാവശ്യമായ കോഗുലേഷന്‍ ഫാക്ടേഴ്സ് കരളാണ് നിര്‍മ്മിക്കുന്നത്. കരള്‍ ഒരു കലവറ കൂടിയാണ്. ഗ്ളൂക്കോസ്, ഇരുമ്പ്, വിറ്റാമിനുകള്‍ എന്നിവ ഭാവിലെ ആവശ്യത്തിനു വേണ്ടി കരള്‍ കരുതിവയ്ക്കുന്നു.