ഒരു അധ്യയന വര്‍ഷം കൂടി സമാപിക്കുകയാണ്. വിദ്യാര്‍ത്ഥികളൊക്കെ പൊതുപരീക്ഷകള്‍ക്കും മറ്റ് മത്സരപരീക്ഷകള്‍ക്കും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഈ അവസരത്തില്‍ കുറേക്കൂടി ഫലപ്രദമായി എങ്ങനെ പരീക്ഷയെ അഭിമുഖീകരിക്കാന്‍ സാധിക്കും എന്ന് നമുക്ക് ചിന്തിക്കാം. പരീക്ഷകളെ ഒരിക്കലും സമ്മര്‍ദ്ദത്തോടെ അഭിമുഖീകരിക്കരുത് എന്നതാണ് ഏറ്റവും പ്രധാന കാര്യം. ചെറിയ അളവിലുള്ള ഉത്കണ്ഠ ഒരു പരിധി വരെ പരീക്ഷയെ ഗൗരവമായി കാണാന്‍ സഹായിക്കുന്നു. എന്നാല്‍ അതിരുകടന്ന ഉത്കണ്ഠ പരീക്ഷയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ആയതിനാല്‍ പരീക്ഷയുടെ ഫലത്തെ കേന്ദ്രീകരിച്ചു പഠിക്കുന്നതിനേക്കാള്‍ അവരവരുടെ അറിവ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുള്ള ആത്മാര്‍ത്ഥമായുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന സമീപനമാണ് പരീക്ഷയെ അഭിമുഖീകരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകേണ്ടത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ അഭിമുഖീകരിക്കുന്നതിനുള്ള മാനസിക ആരോഗ്യം ലഭിക്കുന്നതിന് സഹായിക്കും.
പരസ്പരം താരതമ്യം ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴുവാക്കേണ്ടതാണ്. അത് രക്ഷകര്‍ത്താക്കള്‍ ചെയ്യുന്നതായാലും വിദ്യാര്‍ത്ഥികള്‍ സ്വയം ചെയ്യുന്നതാണെങ്കിലും പ്രത്യേകിച്ച് ഈ പരീക്ഷ അടുത്ത് വന്നു നില്ക്കുന്ന ഈ സമയത്ത് പൂര്‍ണ്ണമായും ഒഴുവാക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുള്ള കമെന്റുകളെ മുഖവിലയ്ക്ക് എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോരുത്തര്‍ക്കും അവരവരുടേതായ സ്ഥാനവും ദൗത്യവും ഈ ലോകത്തില്‍ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ് പഠിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കരുത്. മാത്രമല്ല അത്തരത്തിലുള്ള പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും തള്ളിക്കളയുക.
എല്ലാ വിദ്യര്‍ത്ഥികള്‍ക്കും കൃത്യമായ ഒരു ദിനചര്യ അത്യാവശ്യമാണ്. പ്രത്യേകിച്ചും ഉറക്കം, ഭക്ഷണം, പഠനം, വ്യായാമം മുതലായവ എന്നും കൃത്യമായി ഒരേ സമയം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അങ്ങനെ ചെയ്യുന്നത് പഠനം കുറെക്കൂടി ഫലപ്രദമാക്കുന്നതിന് വഴിയൊരുക്കും. അതുപോലെ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അതായത് 25 കിലോഗ്രാം ഭാരത്തിന് 1 ലിറ്റര്‍ എന്ന അളവില്‍. അഥവാ 50 കിലോഗ്രാം ഭാരം ഉള്ള ഒരാള്‍ 2 ലിറ്റര്‍ വെള്ളം ദിവസവും എന്ന അളവില്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
എത്രത്തോളം ആവര്‍ത്തിച്ച് പഠിക്കുന്നോ അത്രത്തോളം ഓര്‍മ്മശക്തി കൂടും എന്നുള്ളത് ഒരു വസ്തുതയാണ്. എന്നിരുന്നാലും പഠിക്കാനുള്ള വേഗതയുടെ അളവ് ഓരോരുത്തരിലും കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ ധാരാളം ചെയ്തുനോക്കുന്നത് പരീക്ഷാസമയത്ത് നല്ലവണ്ണം ഗുണം ചെയ്യും. അതുപോലെ പഠിക്കുമ്പോള്‍ ഷോര്‍ട്ട് നോട്ട് തയ്യാറാക്കി പഠിച്ചാല്‍ അവസാന നിമിഷം വേഗത്തില്‍ റിവൈസ് ചെയ്യാന്‍ സാധിക്കും. അതുപോലെ കണക്കും പ്രോബ്ലം സോള്വിങും ഉള്ള വിഷയങ്ങള്‍ ചോദ്യം മാത്രം എഴുതി എടുത്ത ശേഷം സ്വന്തമായി ചെയ്തു പഠിക്കണം. ഇടക്ക് സംശയം വന്നാല്‍ നോക്കുന്നതല്ലാതെ; നോക്കിവായിച്ചു ഇത്തരം വിഷയങ്ങള്‍ പഠിക്കാതിരിക്കുക. കൂടാതെ ഇഷ്ട വിഷയങ്ങള്‍ ആദ്യം കുറച്ചു സമയമെടുത്തും പ്രയാസമുള്ള വിഷയങ്ങള്‍ തുടര്‍ന്ന് കൂടുതല്‍ സമയമെടുത്തും പഠിക്കുന്നത് സന്തുലിതമായി പഠിച്ചു മുന്നേറുന്നതിന് സഹായിക്കും.
അങ്ങനെ നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ഉദ്ദേശം കണ്ടെത്തുന്നതിന് ഈ വരുന്ന പരീക്ഷകള്‍ നിര്‍ണ്ണായക പങ്ക് വഹിക്കട്ടെ. വളരെ മനോഹരവും അനുഗ്രഹവും നിറഞ്ഞ ഒരു പരീക്ഷാകാലം ആശംസിക്കുന്നു