- Advertisement -Newspaper WordPress Theme
Travelസ്വർ​ഗത്തിലേക്കൊരു ടിക്കറ്റെടുത്താലോ ? ലോകത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകൾ ഇതാ

സ്വർ​ഗത്തിലേക്കൊരു ടിക്കറ്റെടുത്താലോ ? ലോകത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകൾ ഇതാ

തീവണ്ടി യാത്രകൾ എപ്പോഴും മനോഹരമാണ്. എന്നാൽ യാത്രകൾ കൂടുതൽ മനോഹരമാകുന്നത് സഞ്ചരിക്കുന്ന വഴികൾ മനോഹരമാകുമ്പോഴാണ്. വിമാനത്താവളങ്ങളിലെ തിരക്കുകളും, ക്യൂകളും, ഇടുങ്ങിയ സീറ്റുകളുമില്ലാതെ, ട്രാക്കുകളുടെ താളത്തിനൊപ്പം ജനാലയിലൂടെ മാറിക്കൊണ്ടിരിക്കുന്ന പുറം ലോകത്തെ യഥാർത്ഥ സൗന്ദര്യത്തിൽ ആസ്വദിച്ചുള്ള യാത്ര ഹൃദ്യമായ അനുഭവമാണ്. കാനഡയിലെ മഞ്ഞുമൂടിയ വനങ്ങളാകട്ടെ, ശ്രീലങ്കയിലെ പച്ചവിരിച്ച കുന്നുകളാകട്ടെ, ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ഫിൽട്ടറുകളില്ലാതെ കാണാൻ ട്രെയിൻ യാത്രകൾ അവസരം യാത്രാ ലിസ്റ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ലോകത്തിലെ ഏറ്റവും മനോഹരമായ അഞ്ച് ട്രെയിൻ യാത്രകൾ ഇതാ.

ദി റോക്കി മൗണ്ടൈനിയർ — കാനഡ

ഹൈക്കിംഗ് നടത്താതെ കനേഡിയൻ റോക്കീസ് കാണാൻ ആഗ്രഹിക്കുന്നവർക്ക് റോക്കി മൗണ്ടനീർ ഒരു മികച്ച ഓപ്ഷനാണ്. വാൻകൂവറിനും ബാൻഫിനും ജാസ്പറിനും ഇടയിൽ ഓടുന്ന ഈ ആഡംബര ട്രെയിനിന്റെ പ്രധാന ആകർഷണം ഗ്ലാസ് മേൽക്കൂരയുള്ള കോച്ചുകളാണ് . ഇടതൂർന്ന വനങ്ങളും, ഹിമാനികൾ നിറഞ്ഞ നദികളും, കൂറ്റൻ പർവതങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ഈ യാത്രയിലൂടെ പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കും. ഇത് അല്പം ചെലവേറിയ യാത്രയാണെങ്കിലും തീർച്ചയായും അനുഭവിക്കേണ്ട ഒന്നാണ്.

ദി ഗ്ലേസിയർ എക്സ്പ്രസ് — സ്വിറ്റ്സർലൻഡ്

‘ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ എക്സ്പ്രസ് ട്രെയിൻ’ എന്നറിയപ്പെടുന്ന ഗ്ലേസിയർ എക്സ്പ്രസ്, സെർമാറ്റ്, സെന്റ് മോറിറ്റ്സ് എന്നീ ആൽപൈൻ പട്ടണങ്ങൾക്കിടയിൽ ഏകദേശം എട്ട് മണിക്കൂർ യാത്രയാണ് നടത്തുന്നത്. ഭീമാകാരമായ പനോരമിക് ജനാലകളിലൂടെയുള്ള യാത്രയിൽ സ്വിസ് ആൽപ്‌സിന്റെയും, ആഴമേറിയ താഴ്‌വരകളുടെയും, മഞ്ഞുമൂടിയ കൊടുമുടികളുടെയും, മനോഹരമായ ഗ്രാമങ്ങളുടെയും തടസ്സമില്ലാത്ത കാഴ്ചകൾ ആസ്വദിക്കാം. 291 പാലങ്ങളും 91 തുരങ്കങ്ങളും കടന്നുപോകുന്ന ഈ റൂട്ടിൽ, 2,000 മീറ്ററിലധികം ഉയരത്തിലുള്ള ഒബെറാൾപ്പ് പാസും ഉൾപ്പെടുന്നു. കാഴ്ചകൾക്കൊപ്പം വീഞ്ഞും ചീസും ആസ്വദിക്കാം. ഈ യാത്ര വളരെ ജനപ്രിയമായതിനാൽ നേരത്തെ ബുക്ക് ചെയ്യുന്നത് നല്ലതാണ്.

വെസ്റ്റ് ഹൈലാൻഡ് ലൈൻ – സ്കോട്ട്ലൻഡ്

സ്കോട്ട്ലൻഡിന്റെ ഏറ്റവും മനോഹരവും സിനിമാറ്റിക് ആയതുമായ കാഴ്ചകൾ സമ്മാനിക്കുന്ന യാത്രയാണിത്. ഗ്ലാസ്‌ഗോയിൽ നിന്ന് മല്ലൈഗ് വരെ നീളുന്ന ഈ റൂട്ട് തടാകങ്ങൾ, മൂടൽമഞ്ഞുള്ള ചതുപ്പുകൾ, നാടകീയമായ തീരപ്രദേശങ്ങൾ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. ഹാരി പോട്ടർ സിനിമയിൽ കണ്ട ഗ്ലെൻഫിന്നൻ വയഡക്റ്റ് ഈ റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഇതൊരു ആഡംബര ട്രെയിനല്ല, എങ്കിലും വളരെ സുഖകരവും മനോഹരവുമായ യാത്രാനുഭവമാണ് ഇത് നൽകുന്നത്. ഫോർട്ട് വില്യമിനും മല്ലൈഗ്ഗിനും ഇടയിലുള്ള തീരപ്രദേശങ്ങളിലൂടെയുമുള്ള യാത്രയാണ് ഏറ്റവും ആകർഷകം.

കാൻഡി മുതൽ എല്ല വരെ — ശ്രീലങ്ക

ബാക്ക്പാക്കർമാർക്കും, ഹണിമൂണിന് പോകുന്നവർക്കും, സാധാരണ യാത്രക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ യാത്ര. മധ്യ ശ്രീലങ്കയിലെ കാൻഡിയിൽ നിന്ന് എല്ലയിലേക്കുള്ള ഏകദേശം ഏഴ് മണിക്കൂർ യാത്ര പച്ചപ്പാർന്ന തേയിലത്തോട്ടങ്ങൾ, മേഘക്കാടുകൾ, കടും നീല നിറത്തിലുള്ള ട്രെയിൻ ബോഗികൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ലോകത്തിലെ ഏറ്റവും ഫോട്ടോ എടുക്കാൻ പറ്റിയ ട്രെയിൻ യാത്രകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നാട്ടുകാർക്കും കച്ചവടക്കാർക്കും ഒപ്പമുള്ള സാധാരണ യാത്രയാണിത്. വാതിലുകളിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുന്നവരെയും കാണാം. സമയനിഷ്ഠ പ്രതീക്ഷിക്കാനാവില്ലെങ്കിലും, ഈ അനുഭവം തീർച്ചയായും മറക്കാനാവാത്തതാണ്.

ട്രാൻസ്ആൽപൈൻ – ന്യൂസിലാൻഡ്
ന്യൂസിലാൻഡിൻ്റെ സൗത്ത് ഐലൻഡ് കുറുകെ കടന്നു ക്രൈസ്റ്റ്ചർച്ചിൽ നിന്ന് ഗ്രേമൗത്തിലേക്ക് പോകുന്ന ട്രാൻസ് ആൽപൈൻ, ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകളിൽ ഒന്നായി അറിയപ്പെടുന്നു. അഞ്ച് മണിക്കൂറിൽ താഴെ മാത്രമാണ് യാത്രയെങ്കിലും, തെക്കൻ ആൽപ്‌സ് പർവതനിരകൾ, ആഴമേറിയ നദീതീരങ്ങൾ, കൃഷിയിടങ്ങൾ, മഞ്ഞുമൂടിയ കൊടുമുടികൾ എന്നിവയുടെ മനോഹരമായ കാഴ്ചകൾ ഇത് നൽകുന്നു. മഞ്ഞുമൂടിയ പർവതങ്ങളുള്ള ശൈത്യകാലത്ത് ഇത് കൂടുതൽ ജനപ്രിയമാണ്. ട്രെയിനിലെ തുറന്ന വ്യൂവിംഗ് കോച്ച് ഫോട്ടോ എടുക്കാൻ ഏറ്റവും മികച്ച സ്ഥലമാണ്.

ഇന്ത്യൻ രൂപയുമായി ഈ രാജ്യങ്ങളിൽ പോകു ; നിങ്ങൾ ഇവിടെ കോടിശ്വരൻമാരാണ്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme