തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഉത്രാടദിനത്തിൽ കുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ഈ വിദ്യാർത്ഥിക്കൊപ്പം കുളത്തിൽ കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ കഴിയുകയാണ്.
അമീബിക് മസ്തിഷ്ക ജ്വരം ആശങ്കയായി പടരുമ്പോൾ ഈ രോഗത്തെപ്പറ്റി അറിയേണ്ട ചില കാര്യങ്ങളുണ്ട്. രോഗം ഉണ്ടാക്കുന്ന അമീബ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്നവയാണ്. അത്യപൂർവ രോഗം ആണ് അമീബിക് മസ്തിഷ്ക ജ്വരം എന്ന് ഡോക്ടർമാർ പറയുന്നു. കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്.
രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്. തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധർ പറയുന്നു.
എടുക്കേണ്ട മുൻകരുതൽ എന്തൊക്കെ?
1. വൃത്തിഹീനമായ വെള്ളക്കെട്ടുകളിൽ കുളിക്കാതിരിക്കുക
2. ചെറിയ കുളങ്ങൾ, കിണറുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുക
3. ജലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക