അടിക്കടിയുള്ള മുഖം കഴുകലാണ് ഏറ്റവും സാധാരണമായ സ്‌കിന്‍കെയര്‍ അബദ്ധം. പൊടിയും എണ്ണമയവും മേക്കപ്പുമൊക്കെ നീക്കം ചെയ്യാന്‍ മുഖം കഴുകുക എന്നത് പ്രധാനമാണ്. എന്നാല്‍ പല ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് മുഖം അമിതമായി കഴുകുന്നത് ഗുണത്തെക്കാള്‍ ദോഷം ചെയ്യാം.
ചര്‍മത്തിന് പ്രകൃതിദത്തമായ ഒരു സംരക്ഷണ കവചമുണ്ട്. ചര്‍മകോശങ്ങളും എണ്ണമയവും ചേര്‍ന്ന ഈ കവചമാണ് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും ദോഷകരമായ ബാക്ടീരിയകളെ ഉള്ളിലേക്ക് കടത്തിവിടുന്നതു തടയാനും സഹായിക്കുന്നത്. എന്നാല്‍ മുഖം അമിതമായി കഴുകുന്നതിലൂടെയോ കഠിനമായ സ്‌ക്രബുകള്‍ അല്ലെങ്കില്‍ എക്‌സ്‌ഫോളിയന്റുകള്‍ ഉപയോഗിക്കുന്നതിലൂടെയോ ഈ സംരക്ഷണ കവചം നശിച്ചു പോകുന്നു.
ഇത് ചര്‍മത്തില്‍ വരള്‍ച്ച, സെന്‍സിറ്റീവ്, വീക്കം, കാലക്രമേണ മുഖക്കുരു എന്നിവയ്ക്ക് കാരണമാകും. ചര്‍മത്തിന് വേണ്ടത് സന്തുലിതാവസ്ഥയാണ്. അമിതമായി കഴുകുന്നത് ചര്‍മത്തെ ആശയക്കുഴപ്പത്തിലാക്കുകയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന എണ്ണയ്ക്ക് പകരം കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നതിനും ഇത് കാരണമായേക്കാം. ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ അടിഞ്ഞു പോകാനും പൊട്ടലുകള്‍ ഉണ്ടാകാനും കാരണമാകുന്നു.
മുഖം എത്ര തവണ കഴുകണം
ദിവസത്തില്‍ രണ്ടു തവണ കഴുകുന്നതാണ് അനുയോജ്യം. രാവിലെ ചര്‍മത്തിന് പുതുജീവന്‍ നല്‍കാനും വൈകുന്നേരം മേക്കപ്പും അഴുക്കും നീക്കം ചെയ്യുന്നതിനും. വര്‍ക്ക്ഔട്ട് അല്ലെങ്കില്‍ പുറത്തു പോവുകയോ ചെയ്ത് വിയര്‍ക്കുകയാണെങ്കില്‍ മൃദുവായി ക്ലെന്‍സിങ് ചെയ്യുന്നതു കൊണ്ടു കുഴപ്പമില്ല. എന്നാല്‍ ചര്‍മത്തിന്റെ സംരക്ഷണ കവചം സംരക്ഷിക്കുന്ന തരത്തില്‍ മിതമായതും pH- സന്തുലിതവുമായ ഉല്‍പ്പന്നം മാത്രം ഉപയോഗിക്കുക.
ഏത് ക്ലെന്‍സിങ് ഉപയോഗിക്കണം
വരണ്ടതും സെന്‍സിറ്റീവുമായ ചര്‍മ്മമുള്ളവര്‍ക്ക് ക്രീം അല്ലെങ്കില്‍ ബാം ക്ലെന്‍സറുകള്‍ ഉപയോഗിക്കാം. അതേസമയം എണ്ണമയമുള്ളതോ മുഖക്കുരു സാധ്യതയുള്ളതോ ആയ ചര്‍മമുള്ളവര്‍ക്ക് ജെല്‍ അടിസ്ഥാനമാക്കിയുള്ളതും മൈല്‍ഡ് ഫോം ക്ലെന്‍സറുകളുമാണ് മികച്ചത്.
ക്ലെന്‍സര്‍ വാങ്ങുമ്പോള്‍ ആല്‍ക്കഹോള്‍, സള്‍ഫര്‍ ഫ്രീ ആയിരിക്കാന്‍ ശ്രദ്ധിക്കണം. കഠിനമായ സ്‌ക്രബുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക.