തിരുവനന്തപുരം: റോഡില്‍ ചോരപ്പുഴ ഒഴുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പരിചരണശിക്ഷ നല്കാന് മോട്ടര്‍ വാഹന വകുപ്പ് ആലോചിക്കുന്നു. മദ്യപിച്ചു വാഹനമോടിച്ചോ റോഡില്‍ മനപൂര്‍വ്വം അഭ്യാസം കാണിച്ചോ അപകടം വരുത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് 3 മാസം മുതല്‍ ഒരു വര്‍ഷം വരെ സസ്പെന്‍ഡ് ചെയ്യുകയാണു പതിവ്.
ഇനി സസ്പെന്ഷന് റദ്ദാക്കണമെങ്കില്‍ വാഹനാപകടത്തില്‍ പരുക്കേറ്റു ദീര്‍ഘനാളായി കിടപ്പിലായ വ്യക്തിയെ ഒരാഴ്ചയെങ്കിലും നേരിട്ടു ശുശ്രൂഷിച്ചതിന്റെ തെളിവു ഹാജരാക്കണം.
പദ്ധതി നിര്‍ദേശങ്ങളടങ്ങിയ ശുപാര്‍ശ ഗതാഗത കമ്മിഷണര്‍ സര്‍ക്കാരിനു കൈമാറി.
അപകടത്തില്‍ പരുക്കേറ്റ് ദീര്‍ഘ നാളായി കിടപ്പിലായവരുടെ പട്ടിക ആശുപത്രികള്‍, എന്‍ജിഒകള്‍ എന്നിവയില്‍ നിന്നു വകുപ്പ് ശേഖരിക്കും അതിനുശേഷം, കിടപ്പിലായവരുടെ വീട്ടിലേക്കോ ചികിത്സാകേന്ദ്രങ്ങളിലേക്കോ ശുശ്രൂഷയ്ക്കായി അവരുടെ അനുമതിയോടെ അയയ്ക്കാനാണു നിര്‍ദേശം. കിടപ്പിലായവരുടെ അവസ്ഥ മനസ്സിലാക്കി ഡ്രൈവര്‍മാര്‍ക്കു മനംമാറ്റമുണ്ടാകുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ.
വാഹനാപകടങ്ങള്‍ പ്രതിവര്‍ഷം 42,000 കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 42,000 വാഹനാപകടങ്ങള്‍ ഉണ്ടാകുന്നു. നാലായിരത്തിലേറെ മരണവും. ഗുരുതര പരുക്കേറ്റു ദീര്‍ഘനാള്‍ കിടപ്പിലാകുന്നത് ഏകദേശം 20,000 പേരാണ് മദ്യവും അമിതവേഗവുമാണ് അപകടത്തിന്റെ പ്രധാന കാരണം. കേരളത്തിലെ അപകടനിരക്ക് പകുതിയെങ്കിലും കുറയ്ക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷാസമിതിയുടെ ചെയര്മാന് നിര്‍ദേശം നല്‍കിയിരുന്നു.




