in
Share this story

കാലാവസ്ഥ വ്യതിയാനവും ശ്വാസകോശ രോഗങ്ങളും

കലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന അവയവമാണ് ശ്വാസനാളവും ശ്വാസകോശങ്ങളും അതുകൊണ്ട് പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍. Allergy, Asthma, COPD, ILD, Bronchitis എന്നീ രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്. അലര്‍ജിയുള്ളവര്‍ക്ക് തണുപ്പുകാലം അനുകൂലമല്ല. തണുത്ത വായു ശ്വസിക്കുന്നത് ആസ്ത്മ രോഗം കൂടാന്‍ കാരണമാകും. അതുകൊണ്ട് അമിതമായി ശീതീകരിച്ചതും തണുപ്പുള്ള സ്ഥലങ്ങളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുക. അനിവാര്യമുള്ള യാത്രകള്‍ ചെയ്യുമ്പോള്‍ അലര്‍ജിക്കുള്ള മരുന്നുകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇന്‍ഹേലറുകളും കൈയ്യില്‍ കരുതുക.

ആസ്ത്മ രോഗികള്‍ ഇന്‍ഹേലര്‍ മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് എടുക്കുക. അത്യാവശ്യ അവസരങ്ങളില്‍ എടുക്കുവാനുള്ള reliever മരുന്നുകളും കൈയ്യില്‍ കരുതുക. കൃത്യമായ ഇന്‍ഹേലര്‍ ഉപയോഗം തണുപ്പുകാലത്തുള്ള ശ്വസന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകും. COPD രോഗബാധിതര്‍, തണുപ്പുകാലത്ത് ഫ്‌ളൂ രോഗം ബാധിക്കാനും മറ്റു ശ്വാസകോശ അണുബാധകള്‍ ഉണ്ടാകാനും സാദ്ധ്യതയുള്ളവരാണ്. അതുകൊണ്ട് COPD രോഗികളും ആസ്ത്മ രോഗികളെ പോലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഇന്‍ഹേലര്‍ മരുന്നുകള്‍ കൃത്യമായി എടുക്കേണ്ടതാണ്.

മഞ്ഞുകാലത്ത് മുടങ്ങാതെ തുറസ്സായ സ്ഥലത്തു നിന്നുള്ള വ്യായാമം ചെയ്യുന്നവര്‍, തണുപ്പു കാരണം നടപ്പും ജോഗിങ്ങും മുടക്കാറുണ്ട്. ഇത് തണുപ്പുകാലത്തുള്ള അധികമായ metabolic demand-ും വിശപ്പ് അധികമാക്കുകയും തന്‍മൂലം തൂക്കം വര്‍ദ്ധിക്കുകയും ചെയ്യും. ശരീരഭാരം കൂടുന്നത് എപ്പോഴും ശ്വാസകോശരോഗങ്ങള്‍ അധികരിപ്പിക്കുകയും ദൈനംദിന ജീവിത ജോലികള്‍ പ്രയാസമുള്ളതായും മാറ്റും. അതിനാല്‍ക്രമമായ ഭക്ഷണശൈലി തുടരുകയും വ്യായാമം കാലാവസ്ഥ അനുസൃതമായി സമയം മാറ്റി തുടരുകയും ചെയ്യുക.

തണുപ്പുകാലത്ത് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാദ്ധ്യതകള്‍ കൂടുതലാണ്. അതിനാല്‍ ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ തിരക്കുള്ള സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുകയും നല്ല വായു സഞ്ചാരമുള്ള മുറികളില്‍ സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള അടുത്ത സമ്പര്‍ക്കം പുലര്‍ത്താന്‍ ശ്രദ്ധിക്കുകയും കൈകള്‍ അണുവിമുക്തമാക്കുന്നതും പരസ്പരം അകലം പാലിക്കുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും കര്‍ശനമായി തുടരണം. പാശ്ചാത്യ രാജ്യങ്ങളില്‍ തണുപ്പുകാലത്ത് പുകവലിയും മദ്യപാനവും വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഈ ദുശ്ശിലങ്ങള്‍ വര്‍ജ്ജിക്കുകയും പുകവലിക്കുന്നവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യണം.

സമീകൃത ആഹാരക്രമം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും. അതുപോലെ തന്നെ പ്രധാനമാണ് കൃത്യമായ അളവിലുള്ള ജലപാനവും. ഫ്‌ളൂവിനും Pneumococcal bacteriaക്കും പ്രതിരോധം നല്‍കുന്ന കുത്തിവയ്പ്പ് തീര്‍ച്ചയായും ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ എടുത്തിരിക്കണം. നല്ല ശീലങ്ങള്‍ പാലിക്കുന്നതു വഴി തണുപ്പുകാലത്ത് ഉണ്ടായേക്കാവുന്ന ശ്വാസകോശ പ്രശ്‌നങ്ങളില്‍ നിന്നും ശ്വാസകോശരോഗങ്ങള്‍ ഉള്ളവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം

Dr. Sofia Salim Malik
Senior Consultant Pulmonologist,
Allergy, Immunology &Sleep Consultant
SUT Hospital, Pattom

സവാളയുടെ ഗുണങ്ങള്‍

പുതിയ എംആർഎൻഎ വാക്സിനുകൾ മലേറിയ അണുബാധ കുറയ്ക്കുന്നതിന് ഫലപ്രദം