കാലിലെ പേശികളില്‍ പെട്ടെന്നൊരു വലിവും അസഹനീയമായ ഒരു വേദനയും പലരിലും അനുഭവപ്പെടാറുണ്ട്. കോച്ചിപിടുത്തം, പേശീസങ്കോചം എന്നെല്ലാം അറിയപ്പെടുന്ന ഈ പ്രതിഭാസം പേശികള്‍ ചുരുങ്ങുന്നത് കൊണ്ടോ ഞരമ്പ് വലിയുന്നതു കൊണ്ടോ ഒക്കെ സംഭവിക്കുന്നതാണ്. എന്നാല്‍ ഇത് ചിലപ്പോള്‍ അര്‍ബുദത്തിന്റെയും ലക്ഷണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തലച്ചോറിലുണ്ടാകുന്ന അര്‍ബുദമുഴകള്‍ നാഡീവ്യൂഹങ്ങളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം ചിലപ്പോള്‍ പേശീ സോങ്കോചത്തിനും മരവിപ്പിനും ബോധം നഷ്ടമാകുന്നതിനും കാരണമാകാം. തലച്ചോറിന്റെ ടെംപറല്‍ ലോബിലേക്കും ഫ്രോണ്ടല്‍ ലോബിലേക്കുമൊക്കെ പടരുന്ന അര്‍ബുദം സംസാരത്തെയും തീരുമാനങ്ങള്‍ എടുക്കാനും പ്രശ്‌നപരിഹാരത്തിനുള്ള ശേഷിയെയും ബാധിക്കാം. തലച്ചോറിന് പുറമേ നട്ടെല്ലില്‍ ഉണ്ടാകുന്ന അര്‍ബുദവും കാലുകളിലെയും കാല്‍ക്കുഴയിലെയും പാദങ്ങളിലെയും പേശികള്‍ വലിഞ്ഞുമുറുകാന്‍ കാരണമാകാറുണ്ട്. പ്രോസ്‌റ്റേറ്റിലും ശ്വാസകോശത്തിലും സ്തനങ്ങളിലും ഉണ്ടാകുന്ന അര്‍ബുദങ്ങള്‍ നട്ടെല്ലിലേക്ക് പടരാറുണ്ട്. മൈലോമ, ലുക്കീമിയ എന്നീ രണ്ട് തരം രക്താര്‍ബുദങ്ങളും നട്ടെല്ലിലേക്ക് വ്യാപിക്കാം.
അര്‍ബുദം നട്ടെല്ലിലേക്ക് പടരുമ്പോള്‍ ബോധം മറയാനും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനും സാധ്യതയുണ്ട്. വേദനസംഹാരികള്‍ കഴിച്ചാലും മാറാത്ത പുറംവേദനയും പേശിക്ള്‍ക്ക് ദുര്‍ബലതയും നടക്കാന്‍ പ്രയാസവും ഒക്കെ ഇതിന്റെ ഭാഗമായി ഉണ്ടാകാം. പതിയെ പതിയെ ചലനശേഷിതന്നെ നഷ്ടമാകാനും സാധ്യതയുണ്ട്. പേശീസങ്കോചത്തിനൊപ്പം വിശപ്പില്ലായ്മ, മലത്തിലും മൂത്രത്തിലും രക്തം, വിട്ടുമാറാത്ത ചുമ, അത്യാധികമായ ക്ഷീണം, തൊണ്ടയില്‍ മുഴ, രാത്രിയില്‍ അമിതമായ വിയര്‍പ്പ്, ചര്‍മത്തില്‍ മാറ്റങ്ങള്‍ ,ഭക്ഷണം, വിഴുങ്ങാന്‍ ബുദ്ധിമുട്ട്, വിശദീകരിക്കാനാകാത്ത ഭാരനഷ്ടം എന്നീ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്.
പേശീസങ്കോചം അര്‍ബുദം അല്ലാത്ത കാരണങ്ങള്‍ കൊണ്ടും വരാറുണ്ട്. സമ്മര്‍ദം,അമിതമായ കഫൈന്‍ ഉപയോഗം, മോശം ഭക്ഷണം, ചിലമരുന്നുകളുടെ ഉപയോഗം, നിര്‍ജ്ജ്‌ലീകരണം, ചില വ്യായാമങ്ങള്‍ എന്നിവയെല്ലാം ഇതിന് പിന്നിലുളള മറ്റു കാരണങ്ങളാണ്.