മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 14കാരന് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ സ്ഥിരീകരണം. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിൽ പോസിറ്റീവെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൂനെ വെെറോളജി ലാബിൽ നിന്നുള്ള ഫലം വന്നാൽ മാത്രമേ അന്തിമ സ്ഥിരീകരണമാകുകയുള്ളൂവെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറത്ത് കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു.
നിലവിൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫലം വരുന്നതിന് മുൻപ് തന്നെ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ബന്ധുക്കളുടെ ആവശ്യപ്രകാരം കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പതിനാലുകാരൻ. നിപ വെെറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിക്ക് രോഗബാധയുണ്ടായത് വയനാട്ടിലേക്കുള്ള ടൂറിനിടെ കഴിച്ച അമ്പഴങ്ങയിൽ നിന്നാണെന്നാണ് സംശയം.ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.