ന്യൂഡല്‍ഹി: തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിന് കുട്ടികള്‍ക്ക് നല്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണങ്ങള്‍ക്ക് ഡല്‍ഹി എയിംസില്‍ തുടക്കമായി. രണ്ടു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളിലാണ് പരീക്ഷണം നടത്തുന്നത്.
വാക്സിന് സ്വീകരിക്കുന്ന കുട്ടികളെ കണ്ടെത്തുന്ന നടപടി പട്നയിലെ എയിംസ് നേരത്തേ തുടങ്ങിയിരുന്നു. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ സ്ക്രീനിങ് റിപ്പോര്‍ട്ട് വന്നതിനുശേഷം വാക്സിന് നല്‍കും. പൂര്‍ണ ആരോഗ്യമുള്ള 525 വളന്റിയര്‍മാരിലാണ് പരീക്ഷണം നടത്തുക. രണ്ട് ഡോസും 28 ദിവസത്തിനുള്ളില്‍ നല്‍കും.
രണ്ടു മുതല്‍ 18 വയസ്സുവരെയുള്ളവരില്‍ കോവാക്സിന് രണ്ടു മൂന്ന് ഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റര്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള പരീക്ഷമാണ് പൂര്‍ത്തിയായത്. കുട്ടികള്‍ക്കിടയില്‍ കോവിഡ് വ്യാപകമായിട്ടില്ലെങ്കിലും വൈറസ് ജനിതക മാറ്റത്തിലോ എപ്പിഡെമിയോളജി ഡൈനാമിക്സിലോ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ അതിന്റെ ആഘാതം അവര്‍ക്കിടയില്‍ വര്‍ധിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികളിലെ കോവിഡ് അവലോകനം ചെയ്യുന്നതിനും അതിനെതിരായ തയാറെടുപ്പിനായി ദേശീയ വിദഗ്ധസംഘം രൂപവത്കരിച്ചിട്ടുണ്ട്.