തിരുവനന്തപുരം: കഞ്ചാവ് ലഹരിയില്‍ പൊലീസ് ലോക്കപ്പ് അടിച്ചു തകര്‍ത്തു പ്രതി. തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷനിലാണ് നിരവധി കേസുകളില്‍ പ്രതിയായ വെള്ളായണി സ്വദേശി ഷാനവാസ് അതിക്രമം കാണിച്ചത്. ലോക്കപ്പിനുള്ളിലെ ഇഷ്ടികകള്‍ ഇടിച്ചു തകര്‍ക്കുകയും, ഇത് ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയും ചെയ്തു.
നേമം സ്റ്റേഷനില്‍ മാത്രം വെള്ളായണി സ്വദേശി ഷാനവാസിനെതിരെ മൂന്നു കേസുകളുണ്ട്. മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഷാനവാസിനെ ഇന്നലെ രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കുന്നത്. പിടികൂടുമ്പോള്‍ ഇയാള്‍ അബോധാവസ്ഥയിലായിരുന്നു. പുലര്‍ച്ചയോടെ ഇയാള്‍ ലോക്കപ്പില്‍ അതിക്രമങ്ങള്‍ ആരംഭിച്ചു.
ലോക്കപ്പിലെ സിമന്റ് ഭിത്തികള്‍ തകര്‍ത്തു.വിവസ്ത്രനായി നിന്ന് വനിതാ പൊലീസു കാരെയടക്കം അസഭ്യം പറഞ്ഞു. ഇഷ്ടിക ഉപയോഗിച്ച് സെല്ല് തകര്‍ക്കാന്‍ ശ്രമിച്ച പ്രതി പിന്നീട് ഇത് ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. പൊലീസുകാര്‍ക്ക് നേരെ ഇയാള്‍ വിസര്‍ജ്യവും വലിച്ചെറിഞ്ഞു.
മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ട് പോയപ്പോഴും പ്രതി പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ച. പിന്നീട് കൂടുതല്‍ പൊലീസ് സുരക്ഷയിലാണ് ഇയാളെ മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയത്.ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.